വെള്ളറട: വെള്ളറട പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സിപിഎം പ്രവർത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരും ഏറ്റുമുട്ടി.പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ച് എത്തിയ കോണ്‍ഗ്രസ് അംഗങ്ങളെയും പ്രതിഷേധവുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെയും പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സിപിഎം പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്ന് യൂത്ത്കോൺഗ്രസ് പ്രവർത്തകർ പറയുന്നു.
ലൈഫ് ഭവനപദ്ധതിയില്‍ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി കാണിച്ചു എന്ന് ആരോപിച്ച് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ ഒരാഴ്ച കാലമായി പഞ്ചായത്ത് പടിക്കല്‍ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ സമരം നടന്നുവരുകയാണ്.
ഇന്നലെ പഞ്ചായത്ത് കമ്മിറ്റിയില്‍ ലൈഫ് പദ്ധതി സംഭവം ചര്‍ച്ച ചെയ്തശേഷം ഒരു വിഭാഗം കോണ്‍ഗ്രസ് അംഗങ്ങള്‍ കമ്മിറ്റിയില്‍ നിന്ന്പ്രതിഷേധിച്ച് ഇറങ്ങി പഞ്ചായത്ത് പടിക്കല്‍ സമരം നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായെത്തി.
ഈ സമയം പഞ്ചായത്ത് ഓഫീസില്‍ നിന്നും ഇറങ്ങി പഞ്ചായത്ത് വാഹനത്തില്‍ കയറാന്‍ പ്രസിഡന്റ് ശോഭ കുമാരി എത്തിയതോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പരസ്പരമുള്ള കയ്യാങ്കളിയില്‍ പ്രസിഡന്റ് ശോഭക്കും(45), യൂത്ത് കോണ്‍്ഗ്രസ് പ്രവര്‍ത്തകരായ റജിന്(26), ആനിപ്രസാദ്(27)നും പരിക്കേറ്റു.
പരിക്കേറ്റ പ്രസിഡന്റ് ശോഭയെ വെള്ളറട സര്‍ക്കാര്‍ ആശുപത്രിയിലും യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരായ റജിന്, ആനിപ്രസാദിനെയും വെള്ളറടയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പഞ്ചായത്ത് വാഹനത്തില്‍ പ്രസിഡന്റ് കയറാന്‍ പറ്റില്ല എന്നനിലപാടില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉറച്ചുനിന്നതോടെ സി പി എം പഞ്ചായത്ത് അംഗങ്ങള്‍ പ്രതിരോധവുമായി രംഗത്തെത്തിയതോടെയാണ് സംഘർഷത്തിനു തുടക്കമായത്.
പ്രസിഡന്റിന്റെ വാര്‍ഡിലെ വിധവയായ വീട്ടമ്മ യശോദക്ക് ലൈഫ് പദ്ധതി പ്രകാരം അനുവദിച്ച വീടിന്റെ പണി പ്രസിഡന്റിന്റെ ഭര്‍ത്താവ് മോഹന്‍ കരാര്‍ ഏറ്റെടുത്തതും, പദ്ധതിപ്രകാരം വാര്‍ത്ത വീട് നിര്‍മ്മിക്കുന്നതിന് പകരം ഷീറ്റിട്ട് വീട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചതാണ് പ്രശ്നങ്ങള്‍ക്കും പ്രതിഷേധത്തിനും കാരണം.
ഇന്‍സ്പെക്ടര്‍ ശ്രീകുമാറിന്റെയും സബ്ഇന്‍സ്പക്ടര്‍ സതീഷ്ശേഖറിന്റെയും നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി.