പത്തനംതിട്ട: പത്തനംതിട്ടയില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ച രണ്ടുപേരും ക്വാറന്റൈന് കേന്ദ്രങ്ങളില്‍ കഴിഞ്ഞവരായിരുന്നതിനാല് സമ്പര്‍ക്കമില്ല. വിദേശത്തുനിന്നെത്തിയ നേരെ സര്‍ക്കാര്‍വക ക്വാറന്റൈന് കേന്ദ്രങ്ങളില്‍ കഴിഞ്ഞവരാണ് ഇവര്‍.
കഴിഞ്ഞ 12 ന് ഖത്തറില്‍ നിന്നും തിരിച്ചെത്തിയ അടൂര്‍ പളളിക്കല്‍ സ്വദേശിയായ 39 കാരനും മേയ് 11ന് ദുബായില്‍ നിന്നും തിരിച്ചെത്തിയ തിരുവല്ല ഇടിഞ്ഞില്ലം സ്വദേശിയായ 65കാരനുമാണ് കോവിഡ് പോസിറ്റീവായത്. ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പളളിക്കല്‍ സ്വദേശി അടൂരിലും ഇടിഞ്ഞില്ലം സ്വദേശി പത്തനംതിട്ട നഗരത്തിലെ ലോഡ്ജിലുമാണ് ക്വാറന്റൈനില്‍ കഴിഞ്ഞിരുന്നത്. നിലവില്‍ ജില്ലയില്‍ നാലുപേരാണ് രോഗികളായുള്ളത്.
നാലുപേരിലും ഒരാഴ്ചയ്ക്കുള്ളില്‍ വിദേശത്തുനിന്നു വന്നവരാണ്. ആകെ രോഗികളുടെ എണ്ണം 21ആയി. നേരത്തെ രോഗം സ്ഥിരീകരിച്ച 17 പേരുടെയും ഫലം നെഗറ്റീവായി വീടുകളിലേക്ക് മടങ്ങിയിരുന്നു.
വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങിയെത്തുന്നവര്‍ ഏറിയതോടെ ജില്ലയില്‍ നിരീക്ഷണത്തിലാകുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ധനയുണ്ടായി. വിദേശത്തുനിന്നെത്തുന്നവരെ നേരെ ക്വാറന്റൈന് കേന്ദ്രങ്ങളിലാക്കുകയാണ്.
ഇതര സംസ്ഥാനക്കാരെ വീടുകളിലെ നിരീക്ഷണത്തിലേക്കാണ് അയയ്ക്കുന്നത്. എന്നാല്‍ വീടുകളില്‍ ക്വാറന്റൈനീല്‍ കഴിയുന്നതിനായി ബാത്ത്റൂം അറ്റാച്ച്ഡ് ഒരു മുറി സ്വന്തമായി ഉപയോഗിക്കാന്‍ കഴിയാത്തവരെ കോവിഡ് കെയര്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നുണ്ട്.