എടപ്പാൾ : പണം വാങ്ങി കഞ്ചാവിന് പകരം കമ്യൂണിസ്റ്റ് പച്ച ഉണക്കി കൊടുത്ത് കബളിപ്പിച്ചതിന്റെ പ്രതികാരം തീർക്കാൻ സുഹൃത്തിനെ തട്ടിക്കൊണ്ടു പോയി നാലുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ക്രൂരമായി മർദിച്ച സംഭവത്തിൽ ഒന്നാം പ്രതി പോലീസ് പിടിയിൽ.
എടപ്പാളിനടുത്ത അയിലക്കാട് സ്വദേശി നരിയൻ വളപ്പിൽ കിരണി (18) നെയാണ് പൊന്നാനി സിഐ മഞ്ജിത് ലാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം. പൊന്നാനി സ്വദേശിയായ അമലിന് കഞ്ചാവ് വാങ്ങുന്നതിനായി സുഹൃത്ത് കൂടിയായ കിരണ്‍ 45,000 രൂപ നൽകിയിരുന്നു. അമൽ കഞ്ചാവിന് പകരം കമ്യൂണിസ്റ്റ് പച്ച ഉണക്കി കഞ്ചാവ് രൂപത്തിലാക്കി നൽകി.
ഇതിന്റെ പ്രതികാരമായി കിരണും സുഹൃത്തുക്കളും ചേർന്നാണ് തട്ടിക്കൊണ്ടുപോകൽ പദ്ധതി നടപ്പാക്കിയത്.കിരണ്‍ സൗഹൃദം വച്ച് അമലിനെ വീട്ടിൽ നിന്നു വിളിച്ചിറക്കി അയിലക്കാട്ടെ ഇരുവരുടെയും സുഹൃത്തായ സൈനുദീന്റെ വീട്ടിലേക്കെന്ന് പറഞ്ഞു കൊണ്ടുപോവുകയും പിന്നീട് അയിലക്കാട് ചിറക്കലിൽ വച്ച് കാറിലെത്തിയ സംഘം അമലിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോവുകയുമായിരുന്നു.
തുടർന്ന് കാഞ്ഞിരത്താണി വട്ടക്കുന്നിൽ ആളൊഴിഞ്ഞ പ്രദേശത്തെത്തി ഷർട്ട് ഊരി മർദിക്കുകയും കത്തി കൊണ്ടു ദേഹമാസകലം മുറിവേൽപ്പിക്കുകയും ചെയ്തു.
അമലിന്റെ പഴ്സിലുണ്ടായിരുന്ന 6000 രൂപ കൈക്കലാക്കിയ ശേഷം വീട്ടിൽ വിളിച്ച് മോചനദ്രവ്യമായി നാലുലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു.
സംഭവത്തിൽ പൊന്നാനി പോലീസിൽ നൽകിയ പരാതിയെ തുടർന്ന് സി.ഐ. മഞ്ജിത് ലാലിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തത്.
കേസിൽ മൊത്തം 16 പ്രതികളാണ് ഉൾപെട്ടിട്ടുള്ളതെന്നും മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതപ്പെടുത്തിയതായും സിഐ പറഞ്ഞു.