
ചാരുംമൂട്: ആകെയുള്ള ഒറ്റമുറി വീട് പെരുമഴയിൽ തകർന്നതോടെ നിർധന കുടുംബം ദുരിതക്കയത്തിലായി . താമരക്കുളം കിഴക്കുംമുറി വൈഷ്ണവി ഭവനത്തിൽ ബിനുവിന്റെ വീടാണ് ഇന്നലെയുണ്ടായ ശക്തമായ പെരുമഴയിലും കാറ്റിലും തകർന്നത്.
ബിനുവും ഭാര്യ സുനിത യും മക്കളായ പ്ലസ് വണ്‍ വിദ്യാർഥിനി വൈഷ്ണവി (16) , ഒന്‍പതാം ക്ലാസ് വിദ്യാർഥിനി വിനയ (13) എന്നിവരാണ് അടച്ചുറപ്പില്ലാത്ത ഈ ഒറ്റമുറി വീട്ടിൽ കഴിഞ്ഞിരുന്നത്. ജന്മനാ ഉയരക്കുറവുള്ള ഇവരെ വിവിധ രോഗങ്ങൾ അലട്ടുന്നുണ്ടെങ്കിലും കൂലിവേല ചെയ്താണ് ഇവർ കുടുംബം പോറ്റുന്നത്. ഇപ്പോൾ മഴയിൽ ആകെയുള്ള കിടപ്പാടവും ഇല്ലാതായി.
മഴ പെയ്താൽ ചോർന്നൊലിക്കുന്ന വർഷങ്ങൾ പഴക്കമുള്ള ഒറ്റമുറി വീട് ഏതു നേരവും നിലംപൊത്താവുന്ന നിലയിലാണെന്ന് ചൂണ്ടിക്കാട്ടി ഇവർ നിരന്തരം പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നു. പഞ്ചായത്ത് അംഗവും ഇടപെട്ടിരുന്നു. തുടർന്ന് ഈ കുടുംബത്തെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി താമരക്കുളം പഞ്ചായത്ത് വീട് അനുവദിച്ചിരുന്നു.
എന്നാൽ വീടിന്റെ നിലവിലെ അവസ്ഥയറിയാൻ സ്ഥലത്തെത്തിയ അധികാരികൾ ഇവർക്ക് വീടുകിട്ടാൻ യോഗ്യതയില്ലന്നും വീട് വെട്ടുകല്ലും സിമന്റും ഉപയോഗിച്ച് പണിതതിനാൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നും റിപ്പോർട്ട് നൽകിയെന്നും തുടർന്ന് പദ്ധതിയിൽ നിന്ന് തങ്ങളെ ഒഴിവാക്കിയെന്നും വീട്ടുകാർ പറയുന്നു.
ഇപ്പോൾ ഉള്ള വീടുകൂടി തകർന്നതോടെ അധികാരികളുടെ കനിവിനായി കാത്തിരിക്കുകയാണ് ഈ കുടുംബം.