കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുന്നതിനിടെ എറണാകുളം ജില്ലയില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണവും വര്‍ധിക്കുന്നു. ഉത്തര്‍പ്രദേശ് സ്വദേശി ഉള്‍പ്പെടെ ഏഴു പേരാണു നിലവില്‍ കോവിഡ് ബാധിച്ച് കൊച്ചിയില്‍ ചികിത്സയിലുള്ളത്.
ഇയാള്‍ക്കു പുറമേ എറണാകുളം സ്വദേശികളായ മൂന്നുപേരും മലപ്പുറം, പാലക്കാട്, കൊല്ലം സ്വദേശികളുമായ ഒരോരുത്തരുമാണ് ചികിത്സയിലുള്ളത്. ഇതില്‍ ആറു പേര് കളമശേരി മെഡിക്കല്‍ കോളജിലും ഒരാള്‍ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്.
ഇന്നലെ ജില്ലയില്‍ ഒരു പോസിറ്റീവ് കേസ് കൂടി സ്ഥിരീകരിച്ചു. മെയ് 16-ന് കൊച്ചിയിലെത്തിയ ദുബായ്-കൊച്ചി വിമാനത്തിലുണ്ടായിരുന്ന 29 വയസുള്ള എറണാകുളം സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഗര്‍ഭിണിയായ ഇവര്‍ നിലവില്‍ കളമശേരി മെഡിക്കല്‍ കോളജിലാണ് ചികിത്സയിലുള്ളത്.
ഇന്നലെ 257 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച ഏഴ് പേരെ നിരീക്ഷണ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 4,427 ആയി. ഇതില്‍ 55 പേര് ഹൈ റിസ്ക്ക് വിഭാഗത്തിലും 4,372 പേര് ലോ റിസ്ക് വിഭാഗത്തിലുമാണ്.
ഇന്നലെ 13 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. കളമശേരി മെഡിക്കല്‍ കോളജില്‍ ഏഴ് പേരെയും കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലുമായി മൂന്നുപേരെ വീതവുമാണു പ്രവേശിപ്പിച്ചത്. നിരീക്ഷണ ത്തില്‍ കഴിഞ്ഞിരുന്ന അഞ്ചുപേരെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു.
ഇതോടെ ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 40 ആയി. കളമശേരി മെഡിക്കല്‍ കോളജില്‍ 25 പേരും മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ഒരാളും കുവേലിപ്പടി താലൂക്ക് ആശുപത്രിയില്‍ നാലുപേരും സ്വകാര്യ ആശുപത്രികളിലായി പത്തു പേരുമാണു നിരീക്ഷണത്തിലുള്ളത്.