ചാലക്കുടി: നാളെ മക്കളെത്തുമെന്നറിഞ്ഞതോടെ “അമ്മിണി’യുടെ ഭാവം മാറി. ഒരേ കൂട്ടിൽ ചങ്ങാതിമാരെപ്പോലെ കഴിഞ്ഞിരുന്നിട്ടും അവൾ റാണിയെ കൊന്നുതിന്നു. ഇതു ചാലക്കുടി ഫോറസ്റ്റ് റേഞ്ച് ഓഫീസിൽനിന്നുള്ള കൗതുകക്കഥ.
കഴിഞ്ഞ മാർച്ച് 17നാണ് കരുവന്നൂർ പുഴയുടെ തീരത്തുനിന്നും രാത്രി റെസ്ക്യൂ വാച്ചർ ഫിലിപ്പ് കൊറ്റനെല്ലൂർ ഒരു മലന്പാന്പിനെ പിടികൂടി ഫോറസ്റ്റ് ഓഫീസിൽ എത്തിച്ചത്.
മൂന്നു മീറ്റർ നീളമുള്ള മലന്പാന്പിനെ അടുത്തദിവസം വനത്തിൽ കൊണ്ടുപോയി വിടാൻ നോക്കുന്പോഴാണ് മലമ്പാമ്പ് മുട്ടയിടുന്നതു ശ്രദ്ധയിൽപെട്ടത്. അതിനാൽ കാട്ടിൽ കൊണ്ടുപോയി വിടാനുള്ള ശ്രമം ഉപേക്ഷിച്ചു. ഫോറസ്റ്റ് ഓഫീസിൽതന്നെ ഇരുന്പുകൂട്ടിൽ താമസിപ്പിച്ചു.
താറാവുമുട്ടയേക്കാൾ വലിപ്പമുള്ള 30 മുട്ടകൾ ഇട്ട പാന്പ് മുട്ടകൾക്കു മുകളിൽ അടയിരിക്കാനും തുടങ്ങി. ഒരു ദിവസം തന്നെ രാവിലെ 10 മുതൽ മൂന്നുവരെയുള്ള സമയത്തിനുള്ളിലാണ് മുട്ടകൾ ഇട്ടത്. അടയിരിക്കുന്ന പാന്പിനു ഭക്ഷണത്തിനുവേണ്ടി ഒരു കോഴിയെ ഇട്ടുകൊടുത്തുവെങ്കിലും പാന്പ് കോഴിയെ തൊട്ടില്ല.
എന്നുമാത്രമല്ല, മലമ്പാമ്പും കോഴിയും ചങ്ങാതിമാരെപ്പോലെ കഴിയാൻ തുടങ്ങി. അടയിരിക്കുന്ന പാന്പിനു കോഴി കൂട്ടായി മാറിയപ്പോൾ വനപാലകർ മലമ്പാമ്പിനെ “അമ്മിണി’യെന്നും കോഴിയെ “റാണി’യെന്നും വിളിച്ചു. ദിവസങ്ങൾ കഴിഞ്ഞു.
കഴിഞ്ഞദിവസം, മുട്ടകൾ വിരിയാൻ തുടങ്ങുന്നതിനുമുന്പ് മലന്പാന്പിന്റെ സ്വഭാവം മാറി. സുഹൃത്തിനെപ്പോലെ കഴിഞ്ഞിരുന്ന കോഴി റാണിയെ മലന്പാന്പ് ശാപ്പിട്ടു. പിറകേ മുട്ടകളിൽനിന്നും പാന്പിൻകുഞ്ഞുങ്ങൾ പുറത്തുവരുന്നു.
ഒന്നും രണ്ടുമല്ല, മുപ്പതു കുഞ്ഞുങ്ങൾ. കൂട്ടിൽ അടങ്ങിക്കിടക്കാതെ പാന്പിൻകുഞ്ഞുങ്ങൾ ഇരുന്പുകൂടിനു പുറത്തുവന്നതോടെ വനപാലകർക്കു പണിയായി. പുറത്തുവന്ന പാന്പിൻകുഞ്ഞുങ്ങളെ ഫിലിപ്പ് കൊറ്റനെല്ലൂരും സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി. രവീന്ദ്രനും മറ്റു ജീവനക്കാരും ചേർന്ന് ബക്കറ്റിനകത്താക്കി ഒതുക്കി.
പാന്പിൻകുഞ്ഞുങ്ങൾ ഭക്ഷണം കഴിച്ചു തുടങ്ങുന്പോൾ അമ്മയേയും കുഞ്ഞുങ്ങളെയും വനത്തിൽ കൊണ്ടുപോയി വിടുമെന്നു സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി. രവീന്ദ്രൻ പറഞ്ഞു.