കോട്ടയം: സ്കൂൾ, കോളജ് തുറക്കൽ ഓർമിക്കുന്പോൾതന്നെ ഭയപ്പാടിലും ആശങ്കയിലുമാണു മാസങ്ങളായി വരുമാനം നിലച്ചുപോയ രക്ഷിതാക്കൾ. മക്കളുടെ ഫീസ്, പുസ്തകം, യൂണിഫോം, നോട്ട് ബുക്ക്, ബാഗ്, സ്റ്റേഷനറി എന്നിങ്ങനെ ഭീമമായ ചെലവാണ് രക്ഷിതാക്കളുടെ മുന്നിലുള്ളത്.
കൊറോണയുടെ പ്രത്യാഘാതത്തിൽ തൊഴിലും വരുമാനവും നഷ്ടപ്പെടുകയോ മുടങ്ങുകയോ ചെയ്തവർ മുൻവർഷങ്ങളിലൊന്നും ഇത്ര വലിയ സാന്പത്തിക ഞെരുക്കം നേരിടേണ്ടിവന്നിട്ടില്ല.
അപ്രതീക്ഷിതമായുണ്ടായ കൊറോണ ലോക്ക് ഡൗണിൽ കഴിഞ്ഞ അധ്യയന വർഷം അവസാന ടേമിലെ സ്കൂൾ ഫീസുകൾ കുടിശികയാവർ ഏറെയാണ്. കുടിശിക വരുത്തിയ ഫീസും ഫൈനും അടച്ചാൽ മാത്രമേ കുട്ടികൾക്ക് സ്വകാര്യ സ്കൂളുകൾ പ്രമോഷൻ അനുവദിക്കൂ.
പുതിയ അധ്യയന വർഷം ഒരു കുട്ടിയെ അയയ്ക്കാൻ കുറഞ്ഞത് പതിനായിരം രൂപ കണ്ടെത്തണം. കോളജുകളിലും പ്രഫഷണൽ സ്ഥാപനങ്ങളിലും അയയ്ക്കാൻ ഇതിന്റെ പലമടങ്ങു തുക വേണ്ടിവരും.
റബറിനെ മാത്രം ആശ്രയിച്ചു കഴിയുന്ന കോട്ടയം ജില്ലയിൽ പ്രതിസന്ധി അങ്ങേയറ്റം രൂക്ഷമാണ്. 70 ശതമാനം ജനങ്ങളും റബറുമായി ബന്ധപ്പെട്ട വരുമാനത്തിൽ ജീവിതം തള്ളിനീക്കുന്നവരുമാണ്.
റബർ ടാപ്പിംഗും വിൽപനയും വരുമാനവും മുടങ്ങിയ കർഷകരും ടാപ്പിംഗ് തൊഴിലാളികളും വീട്ടുചെലവ് നടത്താൻ ദുരിതപ്പെടുന്നു. കൈവശമുള്ള റബർ ലാറ്റക്സും ഷീറ്റും ഒട്ടുപാലും വിൽക്കാൻ കന്പോളം അടഞ്ഞിട്ടു രണ്ടു മാസം പിന്നിടുന്നു.
സപ്ലൈകോയിൽ നെല്ലു വിറ്റ കർഷകർക്കും തുക ലഭിക്കുന്നില്ല. പച്ചക്കറികളും ഭക്ഷ്യോത്പന്നങ്ങളും വിൽക്കാനാവാതെ മാർക്കറ്റുകൾ അടഞ്ഞുകിടന്നു. ക്ഷീരകർഷകർക്ക് പാൽ വിൽക്കാൻ ഹോട്ടലുകളും ചായക്കടകളും അടഞ്ഞുപോയി. മിൽമ പാൽ സംഭരണം കുറച്ചു.
ബിസിനസ്, സെയിൽസ് മേഖല രണ്ടു മാസം നിശ്ചലമായിരുന്നതിനാൽ നയാപൈസ വരുമാനം ഇല്ലാതായവരുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിൽ മാസങ്ങളായി ശന്പളം മുടങ്ങി ജീവിതം വഴിമുട്ടിയവർ അതിലേറെപ്പേരാണ്.
വീട്, വാഹനം എന്നിവയുടെ ലോണ്‍ അടവു മുടങ്ങിയവരും വീട്ടുവാടകയും ചിട്ടിയും അടയ്ക്കാൻ വകയില്ലാതെ വലയുന്നവരും പലരാണ്. സാന്പത്തിക ഞെരുക്കത്തിനു നടുവിൽ നയാ പൈസ വരുമാനമില്ലാതെ, ഭക്ഷണവും ചികിത്സയും മുടങ്ങുന്ന ദയനീയ സാഹചര്യത്തിലാണ് സ്കൂൾ തുറക്കൽ ആസന്നമാകുന്നത്.
കുട്ടികളുടെ വിദ്യാഭ്യാസത്തിൽമാത്രം പ്രതീക്ഷ വയ്ക്കുന്ന രക്ഷിതാക്കൾ ഇതര ആവശ്യങ്ങൾ ത്യജിച്ചും മാറ്റിവച്ചും മക്കളുടെ പഠനം എങ്ങനെയെങ്കിലും മുന്നോട്ടു പോകണമെന്ന് ആഗ്രഹിക്കുന്നവരാണ്. വരുംമാസങ്ങളിലും മാന്ദ്യം മാറാനിടയില്ലെന്ന ഭീതിയും ആശങ്കകൾ വർധിപ്പിക്കുന്നു.
പഠന പാഠ്യേതരരംഗത്തു മികവു പുലർത്തുന്ന സ്വകാര്യ സ്കൂളുകളിലെ കുട്ടികളെ എയ്ഡഡ്, സർക്കാർ സ്കൂളുകളിലേക്ക് മാറ്റാൻ നിർബന്ധിതരാകുന്ന സാഹചര്യമാണ് നിലവിലെ സാന്പത്തികഞെരുക്കമുണ്ടാക്കുന്നത്. നിലവിൽ പല സ്കൂളുകളും എൻട്രൻസ് കോച്ചിംഗ് സ്ഥാപനങ്ങളും ഓണ്‍ലൈനിൽ ക്ലാസുകൾ തുടങ്ങിക്കഴിഞ്ഞു.
മോഡം, സ്മാർട്ട് ഫോണ്‍, ഇന്റർനെറ്റ് കണക്ഷൻ എന്നിവയക്ക് വലിയ തുക ഈ ഞെരുക്കകാലത്തും മുടക്കേണ്ടിവരുന്നു. വിദ്യാഭ്യാസ മേഖലയിൽ ഫീസിൽ ഉൾപ്പെടെ യാതൊരുവിധ ഇളവുകളും ആനുകൂല്യങ്ങളും ലഭിക്കില്ലെന്നിരിക്കെ പുതിയ അധ്യയന വർഷം രക്ഷിതാക്കൾക്ക് ഞെരുക്കങ്ങളുടെയും ദുരിതങ്ങളുടേതുമായിരിക്കും.