കായംകുളം: ജൂൺ ആദ്യവാരം എസ്എസ്എൽസി, പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷകൾക്കൊരുങ്ങുന്ന വിദ്യാർഥികൾക്കായി മാസ്കുകൾ നിർമിച്ച് നൽകി നാഷണൽ സർവീസ് സ്കീമിന്റെ കൈത്താങ്ങ്.
നാഷണൽ സർവീസ് സ്കീം ഹയർ സെക്കൻഡറി വിഭാഗം കായംകുളം ക്ലസ്റ്റർ യൂണിറ്റിലെ അംഗങ്ങളായ വിദ്യാർഥികളാണ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്കായി 8000 മാസ്കുകൾ നിർമിച്ചു നൽകിയത്. മാസ്കുകൾ എൻഎസ്എസ് ക്ലസ്റ്റർ യൂണിറ്റിലെ വോളണ്ടിയർമാർ യു. പ്രതിഭ എംഎൽഎ യ്ക്ക് കൈമാറി.
കൊറോണ പ്രതിരോധത്തിനായി വിദ്യാഭ്യാസ വകുപ്പ് മാസ്ക് നിർബന്ധമാക്കിയ പശ്ചാത്തലത്തിലാണ് 10 ലക്ഷം മാസ്കുകൾ നിർമിച്ചു നൽകാൻ ഹയർസെക്കൻഡറി എൻഎസ്എസ് സംസ്ഥാന സെൽ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ജില്ലയിൽ എൻഎസ്എസ് വോളണ്ടിയർമാരുടെ നേതൃത്വത്തിൽ മാസ്ക് നിർമാണം ആരംഭിച്ചു.
ഒരു വിദ്യാർഥി കുറഞ്ഞത് പത്ത് മാസ്ക് എന്ന കണക്കിൽ ജില്ലയിലെ 82 യൂണിറ്റുകളിൽ നിന്നും 73000 മാസ്കുകളാണ് നിർമിച്ചിരിക്കുന്നത്.
പരിസ്ഥിതി സൗഹൃദമായ കോട്ടണ്‍ തുണിയിൽ നിർമിച്ച മുഖാവരണം പുനരുപയോഗിക്കാവുന്ന തരത്തിലാണ് നിർമിച്ചിരിക്കുന്നത്.
വോളണ്ടിയർമാർ തന്നെയാണ് ഇതിന്റെ നിർമാണത്തിനുള്ള തുക കണ്ടെത്തിയത്. 6000 മാസ്ക് നിർമിച്ചുനൽകി ജില്ലയിൽ ഒന്നാമതെത്തിയ പ്രയാർ ആർവിഎസ്എം സ്കൂളിനെ യു. പ്രതിഭ എംഎൽഎ ചടങ്ങിൽ അനുമോദിച്ചു.
എൻഎസ്എസ് ജില്ലാ കണ്‍വീനർ കെ.വി. വസന്തരാജൻ, ബിപിഒ ബേബികുമാർ, പ്രോഗ്രാം ഓഫീസർ വിമൽകുമാർ, ഹരിമോഹൻ, ബിജു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.