നടവയല്‍: വയനാട്ടില്‍ ആദ്യമായി ബയോഫ്ളോക് മത്സ്യകൃഷി നടത്തി യുവകര്ഷകന് ശ്രദ്ധേയനാകുന്നു. ചിറ്റാലൂര്‍കുന്ന് പരുവമ്മേല്‍ സിജുമാണ് വീട്ടുമുറ്റത്ത് ജലസംഭരണി സ്ഥാപിച്ച് ബയോഫ്ളോക് മത്സ്യകൃഷി ചെയ്യുന്നത്.
ജലത്തില്‍ അമോണിയയെ വിഘടിപ്പിക്കുകയും സ്വയം മത്സ്യത്തിന് തീറ്റയാവുകയും ചെയ്യുന്ന ബാക്ടീരിയയെ ഉപയോഗിച്ചാണ് കൃഷി. ഇസ്രായേലില്‍ വേരുള്ള ഈ അതിസാന്ദ്രത മത്സ്യകൃഷിമുറ പരീക്ഷണാടിസ്ഥാനത്തിലാണ് നടത്തുന്നതെന്നു സിജു പറയുന്നു.
രണ്ടോ മുന്നോ സെന്റ് സ്ഥലത്തുപോലും ബയോഫ്ളോക് മത്സ്യകൃഷി നടത്താനാകും. കുളങ്ങളില്‍ വളര്ത്താവുന്നതിന്റെ പല ഇരട്ടി മത്സ്യങ്ങളെ ഈ രീതിയില്‍ കൃഷി ചെയ്യാം. ഏകദേശം ഒരു ലക്ഷം രൂപ മുടക്കിയാല്‍
സംഭരണിയും അനുബന്ധ സൗകര്യങ്ങളും ഒരുക്കാം. കുറഞ്ഞ തീറ്റച്ചെലവ്, രുചികരമായ മത്സ്യലഭ്യത എന്നിവ ബയോഫ്ളോക്ക് മത്സ്യകൃഷിയുടെ പ്രത്യേകതയാണ്. സംഭരണിയിലെ വെള്ളം മാറ്റേണ്ടതില്ല. അതിനാല്‍ ജലക്ഷാമമുള്ള പ്രദേശത്തും കൃഷി സാധ്യമാണ്. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്ന കൃഷി വിജയമാകുമെന്ന പ്രതീക്ഷയിലാണ് സിജു.