ചാലക്കുടി: ബംഗളുരുവിൽ നിന്നെത്തിയ ഗർഭിണിയായ യുവതിയെ വീട്ടിൽ ക്വറന്റൈനിലാക്കാൻ എത്തിയവരെ നാട്ടുകാർ തടഞ്ഞു. ഒടുവിൽ പോലീസ് ഇടപ്പെട്ടു നാട്ടുകാരെ സംഗതി ബോധ്യപ്പെടുത്തിയതോടെ കലുഷിത രംഗത്തിന് അവസാനമായി.
കിഴക്കേ പോട്ടയിലാണു സംഭവം. ബാംഗളുരുവിൽ നിന്നെത്തിയ യുവതിയെ പ്രാഥമിക പരിശോധനയ്ക്കുശേഷം വീട്ടിൽ ക്വാറന്റൈനിൽ പ്രവേശിപ്പിക്കാൻ ആരോഗ്യവകുപ്പ് അധികൃതർ എത്തിയതായിരുന്നു. എന്നാൽ കോവിഡ് ഭീതിയിൽ കഴിയുന്ന നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങി.
നാട്ടുകാരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങാതായപ്പോൾ പോലീസ് ഇടപ്പെട്ടാണു യുവതിയെ വീട്ടിൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചത്. മറ്റൊരു വാർഡിൽ ഇവർക്കു വീടുള്ളപ്പോഴാണു യുവതിയെ അവിടെ താമസിക്കാതെ ഇവിടേയ്ക്കു കൊണ്ടുവന്നുവെന്നാരോപിച്ചാണു നാട്ടുകാർ ഇവരെ തടഞ്ഞത്.
എന്നാൽ ആ വീട്ടിൽ ധാരാളം അംഗങ്ങളുള്ളതിനാൽ ആളൊഴിഞ്ഞ ഇവരുടെ ബന്ധുവീടായ ഇവിടേക്ക് അവരെ ആരോഗ്യവകുപ്പ് ഇടപ്പെട്ടാണു കൊണ്ടുവന്നത്.
പഴയ വീടിന്റെ സമീപത്തു കഴിഞ്ഞ ദിവസം മാലദ്വീപിൽ നിന്നെത്തിയ ഒരാൾക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതാണ് എട്ടുമാസം ഗർഭിണിയായ യുവതിയെ ഇങ്ങോട്ടു മാറ്റാൻ കാരണമെന്നും ഇവരുടെ ബന്ധുക്കൾ പറയുന്നു. യുവതിയുടെ കൂടെ രണ്ടുവയസുള്ള മകനുമുണ്ട്.