ചെന്നൈ: പട്ടിണി സഹിക്കാന്‍ പറ്റാതാകുകയും വാഹനയാത്രയ്ക്ക് പണമില്ലാതാകുകയും ചെയ്തതോടെ സൈക്കിളില്‍ സ്വദേശത്തേക്ക് തിരിച്ച ഒഡീഷ സ്വദേശി തളർന്നുവീണു മരിച്ചു. ഒഡീഷ സ്വദേശിയായ വിശ്വാസ് (36) എന്ന യുവാവിനെയാണ് ഇന്നലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചെന്നൈയില്‍ നിര്‍മാണത്തൊഴിലാളിയായി ജോലിചെയ്യുന്ന അഞ്ചുപേര്‍ ഒരുമിച്ചാണ് തിങ്കളാഴ്ച തങ്ങളുടെ വസ്തുവകകളുമായി 740 കിലോമീറ്റര്‍ അകലെയുള്ള തങ്ങളുടെ നാട്ടിലേക്ക് സൈക്കിളില്‍ യാത്രതിരിച്ചത്.
ജോലി ഇല്ലാതായതോടെ ഇവര്‍ക്ക് ഭക്ഷണസാധനങ്ങള്‍ വാങ്ങാന്‍ കഴിയാതായതോടെ ഇവര്‍ ബുദ്ധിമുട്ടിലായിരുന്നതായി പറയപ്പെടുന്നു. നാട്ടിലേക്ക് പോകാന്‍ കൈയില്‍ വാഹനക്കൂലിക്ക് പണവുമില്ലായിരുന്നു. അങ്ങനെയാണ് സൈക്കിളില്‍ പോകാന്‍ തീരുമാനിക്കുന്നത്.
യാത്രയ്ക്കിടെ തമിഴ്നാട്- ആന്ധ്ര അതിര്‍ത്തിപ്രദേശമായ ഗുമ്മിഡിപ്പേട്ടയില് വിശ്വാസ് കുഴഞ്ഞുവീഴുകയായിരുന്നു. ഇക്കാര്യം കൂടെയുള്ളവര്‍ അറിഞ്ഞില്ലെന്ന് പോലീസ് പറയുന്നു.
മരിച്ച നിലയില്‍ ഇയാളെ കണ്ടെത്തിയതിനെ തുടര്‍ന്ന് ആരമ്പാക്കം പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുകയായിരുന്നു.
ഇതിനിടെ നാട്ടില്‍ പോകാന്‍ നിര്‍ബന്ധംപിടിച്ച 25 അഥിതി തൊഴിലാളികള്‍ക്ക് ചെന്നൈയില്‍ തൊഴില്‍ ഉടമയുടെ ക്രൂരമര്‍ദ്ദനം. തിരുവള്ളൂര്‍ ജില്ലയിലെ പുതുക്കുപ്പാടത്താണ് ഇരുപത്തഞ്ചോളം തൊഴിലാളികള്‍ക്ക് മര്‍ദ്ദനമേറ്റത്.
മുന്നൂറോളം തൊഴിലാളികളാണ് ഇവിടെ ഇഷ്ടികപ്പാടത്ത് ജോലിചെയ്തിരുന്നത്. ഉത്തര്‍പ്രദേശ്, ഒഡിഷ,ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് ഇവിടത്തെ ജോലിക്കാര്‍.
കൊറോണ വ്യാപനം ശക്തമായതോടെ നാട്ടില്‍പോകണം എന്ന് ഇവര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ തൊഴിലുടമ ഇവരെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തിങ്കളാഴ്ചയായിരുന്നു സംഭവം എങ്കിലും ഇന്നലെയാണ് പുറംലോകം ഇതേപ്പറ്റി അറിയുന്നത്.
പരിക്കേറ്റ ഇരുപത്തഞ്ചോളംപേര്‍ തങ്ങളുടെ ഫോട്ടോ ഒഡീഷയിലുള്ള തങ്ങളുടെ ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്തു. ഇവര്‍ ഇത് അവിടുത്തെ പോലീസിന്റെ ശ്രദ്ധയില്‍പെടുത്തി.
തുര്‍ന്ന് ഒഡീഷ സര്‍ക്കാര്‍ സംഭവത്തില്‍ ഇടപെടുകയായിരുന്നു. ചെന്നൈ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തൊഴിലുടമ മുനിസ്വാമിക്കായുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
കൊറോണ രോഗബാധിതരുടെ എണ്ണത്തില്‍ തമിഴ്നാട് ഇന്ത്യയില്‍ വീണ്ടും രണ്ടാംസ്ഥാനത്തെത്തി. 688 കേസുകള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതോടെ തമിഴ്നാട്ടിലെ ആകെ രോഗികളുടെ എണ്ണം 12,488 ആയി ഉയര്‍ന്നു.
ഇതില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത രോഗികളില്‍ 552 പേർ ചെന്നൈയിലാണ്. ഇവിടുത്തെ ആകെ രോഗികളുടെ എണ്ണം 7672 ആണ്. മഹാരാഷ്ട്ര ആണ് ഒന്നാം സ്ഥാനത്തുള്ളത്.