തിരുവനന്തപുരം: വിദേശത്തും അന്യസംസ്ഥാനങ്ങളിലും നിന്നുള്ള മലയാളികളുടെ മടക്കം ഇപ്പോഴത്തെ തരത്തിൽ തുടർന്നാൽ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം ഇപ്പോഴത്തേതിന്റെ ഇരട്ടിയിലേറെയായി ഉയരാമെന്നു മന്ത്രിസഭായോഗം വിലയിരുത്തൽ. വരുംമാസങ്ങളിൽ 2000 വരെ രോഗികൾ ഉണ്ടാ യേക്കാമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ.
കോവിഡ് ബാധിതരുടെ എണ്ണം കുറയ്ക്കാൻ രോഗികളുമായുള്ള സന്പ൪ക്കം കുറയ്ക്കുക മാത്രമാണ് മാർഗം. അടച്ചിടൽ ഇനി അധികനാൾ തുടരാൻ കഴിയില്ല. കോവിഡിനൊപ്പം ജാഗ്രതയോടുകൂടിയ ജീവിതം മാത്രമാണ് സംസ്ഥാനത്തിനു മുന്നിലുള്ള മാ൪ഗമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ട്രെയിനുകൾക്ക് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സ്റ്റോപ്പ് അനുവദിക്കുന്നത് ആവശ്യപ്പെടും. എത്തുന്നവരുടെ പൂർണ വിവരങ്ങൾ നോ൪ക്ക വഴി ശേഖരിച്ചശേഷം അവരെ വീടുകളിലേക്കു വിടും.
രോഗലക്ഷണമുള്ളവരെ ആശുപത്രിയിലാക്കും. പ്രവാസികൾ എത്തിത്തുടങ്ങിയതോടെ കോവിഡ് ബാധിതരുടെ എണ്ണം കാര്യമായി ഉയർന്നു. സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 650 നോട് അടുത്തു. രോഗം മറച്ചുവച്ചെത്തുന്നവ൪ക്കെതിരേ നടപടിയുണ്ടാകും.
മൂന്നാംഘട്ട പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തദ്ദേശ സ്ഥാപന തലത്തിൽ ജാഗ്രതാ സമിതികൾ രൂപീകരിച്ചു. സ൪ക്കാ൪ നടത്തുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രതിപക്ഷം രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് വിമ൪ശിക്കുന്നത്. പ്രതിപക്ഷ നീക്കങ്ങളെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്നലെ 24 പേർക്ക് രോഗം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 24 പേർക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിലുള്ളവർ 161 പേരായി. ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ ഏഴുപേർ പാലക്കാട് ജില്ലയിൽ നിന്നാണ്. മലപ്പുറം- നാല്, കണ്ണൂർ-മൂന്ന്, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ രണ്ടു വീതം, ആലപ്പുഴ, കോഴിക്കോട്, കാസർഗോഡ്, എറണാകുളം-ഒന്നുവീതം എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിക്കപ്പെട്ടത്.
ഇതിൽ 12 പേർ വിദേശത്തു നിന്നെത്തിയവരാണ്. എട്ടു പേർ മഹാരാഷ്ട്രയിൽ നിന്നും മൂന്നുപേർ തമിഴ്നാട്ടിൽ നിന്നും വന്നു. കണ്ണൂരിൽ ഒരാൾക്ക് സന്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. 74398 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇതിൽ 73865 പേർ വീടുകളിലും 533 പേർ ആശുപത്രികളിലുമാണ്.