മുക്കം: സ്വന്തം നാട്ടിലേക്ക് പോകാൻ ട്രെയിൻ ലഭിക്കുമെന്ന പ്രതീക്ഷ കൈവിട്ടതോടെ കാരശേരി ഗ്രാമപഞ്ചായത്തിൽ നിന്നും രണ്ട് ബസുകളിലായി അതിഥി തൊഴിലാളികൾ യാത്രയായി.
പശ്ചിമബംഗാളിലെ മുർഷിദാബാദിലേക്കാണ് 30 പേർ വീതം അടങ്ങിയ രണ്ട് സംഘം കഴിഞ്ഞ ദിവസങ്ങളിലായി യാത്രയായത്. ഓൺലൈനായി പാസ് എടുത്തു ആരോഗ്യ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ഗ്രാമ പഞ്ചായത്തിന്റെ അനുമതിയോടെയാണ് സ്വകാര്യ ടൂറിസ്റ്റ് ബസിൽ നാട്ടിലേക്ക് പോയത്.
ഒരാൾക്ക് 7000 രൂപ വീതം 2,10,000 രൂപയാണ് ഒരു ബസിനുള്ള യാത്ര ചിലവ്. ഇത് ഇവർ സ്വയം കണ്ടെത്തുകയായിരുന്നു. കാരശേരി കക്കാടിൽ നിന്നും നോർത്ത് കാരശശേരിയിൽ നിന്നുമാണ് ബസുകൾ യാത്ര തിരിച്ചത്.
റവന്യൂ വകുപ്പ് അധികൃതരും പോലീസും അതിഥി തൊഴിലാളികളെ യാത്രയാക്കി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇപ്രകാരം തൊഴിലാളികള്‍ ബസ് വാടകയ്ക്കെടുത്ത് നാട്ടിലേക്ക് പുറപ്പെടുന്നുണ്ട്.
കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ നിന്ന് പരിശോധന നടത്തിയ ശേഷമാണ് അതിഥി തൊഴിലാളികള്‍ ഇന്നലെ ജന്മനാട്ടിലേക്ക് യാത്രതിരിച്ചത്.