കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുന്നതിനിടെ എറണാകുളം ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു.
കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണു നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുന്നത്. ഇന്നലെ ജില്ലയില്‍ ഒരാള്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു.
കഴിഞ്ഞ 18ന് അബുദാബി-കൊച്ചി വിമാനത്തില്‍ ജില്ലയിലെത്തിയശേഷം മെഡിക്കല്‍ കോളജ് ഐസോലേഷന് വാര്‍ഡില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരുന്ന മുപ്പത്തിയെട്ടുകാരനാണ് രോഗം സ്ഥിരീകരികരിച്ചത്. തൃശൂര്‍ സ്വദേശിയായ നാൽപ്പത്തിയേഴുകാരനും കൊച്ചിയിലാണ് ചികിത്സയിലുള്ളത്.
ഇന്നലെ 670 പേരെയാണു ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കിയത്. നിരീക്ഷണ കാലയളവ് അവസാനിച്ച 638 പേരെ നിരീക്ഷണ പട്ടികയില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 4,754 ആയി. ഇതില്‍ 84 പേര് ഹൈ റിസ്ക് വിഭാഗത്തിലും 4,670 പേര് ലോ റിസ്ക് വിഭാഗത്തിലുമാണ്.
ഇന്നലെ എട്ടുപേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. കളമശേരി മെഡിക്കല്‍ കോളജില്‍ നാലുപേരെയും പോര്‍ട്ട് ട്രസ്റ്റ് ഹോസ്പിറ്റലില്‍ മൂന്നുപേരെയും സ്വകാര്യ ആശുപത്രിയില്‍ ഒരാളെയുമാണു നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്. നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ആറുപേരെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു.
ഇതോടെ, ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 44 ആയി. മെഡിക്കല്‍ കോളജില്‍ 22 പേരും മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ഒരാളും കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലും പോര്‍ട്ട് ട്രസ്റ്റ് ഹോസ്പിറ്റലിലും മൂന്നുപേര്‍ വീതവും സ്വകാര്യ ആശുപത്രികളില്‍ 15 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
നിലവില്‍ പത്തുപേരാണു ജില്ലയില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ നാലുപേര്‍ എറണാകുളം ജില്ലക്കാരും രണ്ട് പേർ പാലക്കാട് സ്വദേശികളും മലപ്പുറം, കൊല്ലം, തൃശൂര്‍ എന്നിവിടങ്ങളിൽനിന്ന് ഒരോരുത്തരും ഉത്തര്‍പ്രദേശ് സ്വദേശിയായ ഒരാളുമാണ് ചികിത്സയിലുള്ളത്.