പത്തനംതിട്ട: മുംബൈ കൊളാബയില്‍ നിന്നു കഴിഞ്ഞ 13നു നാട്ടിലെത്തിയ സംഘത്തിലെ രണ്ടുപേര്‍ക്കു പത്തനംതിട്ടയില്‍ കോവിഡ് സ്ഥിരീകരിച്ചു. ഇവരോടൊപ്പം ഉണ്ടായിരുന്ന ഒരാളുടെ പരിശോധനാഫലം കൂടിയാണ് ഇനി പത്തനംതിട്ടയില്‍ ലഭിക്കാനുള്ളത്.
മുംബൈയില്‍ നിന്ന് 20 അംഗ സംഘമാണ് ബസില്‍ കോഴിക്കോട്ടെത്തിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്കാണ് ഇവര്‍ ഇവിടെ നിന്നു പോയത്. മൂന്ന് പത്തനംതിട്ടക്കാരും ഒരു കോട്ടയം സ്വദേശിയും കാറിലാണ് കോഴിക്കോട്ടു നിന്നു പത്തനംതിട്ടയിലേക്കുള്ള യാത്ര നടത്തിയത്.
കാറിലുണ്ടായിരുന്ന മൂന്നുപേരുടെയും പരിശോധനാഫലം ഇതിനോടകം പോസിറ്റീവായി. കോഴിക്കോടെത്തിയ സംഘത്തില്‍പെട്ട ആലപ്പുഴ, മലപ്പുറം, കോഴിക്കോട് നിവാസികള്‍ക്കു നേരത്തെ രോഗം സ്ഥിരീകരിച്ചു.
പത്തനംതിട്ടയിലെത്തിയ മൂന്നുപേരും വിവിധ കോവിഡ് കെയര്‍ സെന്ററുകളിലായിരുന്നു. ഇവരില്‍ കടപ്ര സ്വദേശിയായ 30 കാരനു ചൊവ്വാഴ്ചയും മെഴുവേലി സ്വദേശിയായ 37 കാരന് ഇന്നലെയും രോഗം സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് വന്നതോടെ പത്തനംതിട്ട ജനറല്‍ ആശുപത്രി ഐസൊലേഷനിലാക്കി.
കോവിഡ് വ്യാപനത്തിന്റെ മൂന്നാംഘട്ടത്തില്‍ വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങിയെത്തിയ ഏഴുപേരിലാണ് പത്തനംതിട്ടയില്‍ ഇതേവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഒരുമാസത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ 12 മുതല്‍ ജില്ലയില്‍ വീണ്ടും രോഗം കണ്ടെത്തിത്തുടങ്ങിയത്.
12, 14 തീയതികളില്‍ ഓരോരുത്തരിലും 18ന് രണ്ടുപേരിലും 19ന് ഒരാളിലും ഇന്നലെ രണ്ടുപേരിലുമായി കോവിഡ് 19 പരിശോധനാഫലം പോസിറ്റീവായി ലഭിച്ചു. മാര്‍ച്ച് ഏഴ് മുതലുള്ള രണ്ടാംഘട്ടത്തില്‍ 17 പേരിലാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്.
ഇവരില്‍ പത്തുപേരും വിദേശത്തുനിന്നു വന്നവരായിരുന്നു. ഒരാള്‍ ഡല്‍ഹിയില്‍ നിന്നെത്തിയ വിദ്യാര്‍ഥിനിയും ആറുപേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം പകര്ന്നവരുമായിരുന്നു.