വെള്ളരിക്കുണ്ട്: 108 ആംബുലൻസിൽ യുവതി ആൺകുഞ്ഞിന് ജന്മം നൽകി. വള്ളിക്കടവിലെ ആലത്തടി രാഹുലിന്റെ ഭാര്യ സിജി(24) യാണ് ഇന്നലെ ആംബുലൻസിൽ പ്രസവിച്ചത്.
ഇന്നലെ രാവിലെ ഒൻപതിനാണ് സിജിക്ക് പ്രസവവേദന ആരംഭിച്ചത്. ഉടനെ 108 ആംബുലൻസ് കുതിച്ചെത്തി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് പോകുംവഴി പെരിയങ്ങാനത്ത് വച്ചു വേദന കലശലായപ്പോൾ നഴ്സ് സിൽവി അവസരോചിതമായി പ്രവർത്തിച്ചതോടെ ആംബുലൻസിനുള്ളിൽ തന്നെ സുഖപ്രസവം നടന്നു.
എല്ലാ സംരക്ഷണവും ഒരുക്കി ഡ്രൈവർ സിജുവും ജാഗ്രതയോടെ നിന്നു. പ്രസവത്തിനുശേഷം ഇവരെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. തന്റെ ഉത്തരവാദിത്വം വിജയകരമായി തീർക്കാൻ സാധിച്ച സന്തോഷത്തിലാണ് ആംബുലൻസിലെ നഴ്സ് സിൽവിയും ഡ്രൈവർ സിജുവും.