കാസർഗോഡ്: 20 വർഷം മുൻപ് നഷ്ടപ്പെട്ട സ്വർണം നോന്പുകാലത്തു ഭക്ഷണപ്പൊതിയോടൊപ്പം വീട്ടിലെത്തുക. പ്രവാസിയായ കാസർഗോഡ് നെല്ലിക്കുന്ന് സ്വദേശിയായ ഇബ്രാഹിം തൈവളപ്പിലിന് ഇപ്പോഴും ഇതു വിശ്വസിക്കാനാവുന്നില്ല.
കഴിഞ്ഞദിവസം വൈകുന്നേരം നോന്പുതുറക്കാൻ ഒരുക്കം നടക്കുന്പോഴാണ് ഇബ്രാഹിമിന്റെ വീട്ടിലേയ്ക്ക് ഹെൽമറ്റ് ധരിച്ച യുവാവ് ഭക്ഷണപ്പൊതിയുമായെത്തുന്നത്.
ഇബ്രാഹിമിന്റെ ഭാര്യ ബസരിയയാണ് പൊതിവാങ്ങിയത്. യുവാവിനോട് പേര് ചോദിച്ചെങ്കിലും “ഇതൊരാൾ തന്നയച്ചതാണ്, ഇവിടെ തരാനാണ് പറഞ്ഞത്’ എന്ന മറുപടി മാത്രമാണ് നൽകിയത്.
അപ്പോഴേക്കും പള്ളിയിൽ നിന്ന് ബാങ്കുവിളിയുടെ ശബ്ദം കേട്ടതോടെ വീട്ടുകാർ നോന്പുതുറക്കാനിരിക്കുകയും യുവാവ് അവിടെ നിന്നു മടങ്ങുകയും ചെയ്തു. ഭക്ഷണപ്പൊതി അഴിച്ചപ്പോൾ അതിനുള്ളിൽ നെയ്ച്ചോറും കറിയുമായിരുന്നു.
അതിനുള്ളിൽ മറ്റൊരു ചെറിയ പൊതിയും. രണ്ടു സ്വർണനാണയങ്ങളും ഒരു തുണ്ട് കടലാസുമായിരുന്നു അത്. കടലാസിൽ ഇങ്ങനെ എഴുതിയിരിക്കുന്നു “”നിങ്ങളുടെ 20 വർഷം മുന്പ് നഷ്ടപ്പെട്ട സ്വർണം എനിക്ക് കിട്ടിയിരുന്നു.
അന്നെനിക്കതു തിരിച്ചുനൽകാൻ സാധിച്ചില്ല. അതിനുപകരമായി ഈ പവൻ സ്വീകരിച്ചു എനിക്ക് മാപ്പ് തരണം.” വീട്ടുകാർ ഉടനെ ഗൾഫിലുള്ള ഇബ്രാഹിമിനെ വിവരമറിയിച്ചു. ഒരു വിവാഹവീട്ടിൽ വച്ചായിരുന്നു ബസരിയ അണിഞ്ഞിരുന്ന മൂന്നരപവൻ സ്വർണാഭരണങ്ങൾ കാണാതായത്.
തെരച്ചിലിനൊടുവിൽ ഒന്നരപവൻ ആഭരണം കിട്ടിയിരുന്നു. പിന്നീട് ഇക്കാര്യം എല്ലാവരും മറന്നിരിക്കുന്പോഴാണ് നഷ്ടപ്പെട്ട സ്വർണം ഇവരെ തേടി വീട്ടിലേക്കെത്തിയത്.