ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭാ ഹെൽത്ത് സ്ക്വാഡിന്റെ നേതൃത്വത്തിൽ തെറ്റായ നിർമാണ തീയതി രേഖപ്പെടുത്തി വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന പാക്കറ്റ് ഫുഡ് പിടിച്ചെടുത്തു.
ലംകോട് കൊച്ചുവിള മുക്കിൽ പ്രവർത്തിക്കുന്ന എ.ആർ. ഏജൻസീസിൽ നിന്നുമാണ് ഇരുപതോളം ചാക്കുകളിൽ സൂക്ഷിച്ചിരുന്ന പാക്കറ്റ് ഫുഡ് പിടിച്ചെടുത്തത്.
ഏത്തക്കാ ചിപ്സ്, മിക്സ്ചർ, പക്കാവട, മുറുക്ക് തുടങ്ങിയ പലഹാരങ്ങളുടെ നിർമാണ തീയതി 26.05.2020 എന്ന് രേഖപ്പെടുത്തിയിരുക്കുന്നത് പരിശോധനയിൽ കണ്ടെത്തി.
ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ പട്ടണത്തിൽ പല വ്യാപാര സ്ഥാപനങ്ങളും പഴകിയതും ഭക്ഷ്യയോഗ്യവുമല്ലാത്ത സാധനങ്ങൾ വിൽക്കാനുള്ള ശ്രമം നടക്കുന്നതായി ആരോപണമുണ്ടായിരുന്നു.
തുടർന്നും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് ചെയർമാൻ എം. പ്രദീപ് അറിയിച്ചു.
ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്. മനോജ്, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷെൻസി, സിദ്ദീഖ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.