കോട്ടയം: കോട്ടയം ജില്ലയിൽ 150 സ്വകാര്യ ബസുകൾ സർവീസ് ആരംഭിച്ചു. അടുത്ത ദിവസങ്ങളിൽ ജില്ലയിൽ കൂടുതൽ ബസുകൾ നിരത്തിലിറങ്ങും. ജില്ലയിൽ ആകെയുള്ള ബസുകളിൽ 500 ബസുകൾക്കു മാത്രമേ ഇപ്പോൾ സർവീസ് നടത്താൻ സാധിക്കുകയോള്ളു.
ഇതിൽ ഭൂരിഭാഗം ബസുകളും ഓട്ടം നിലച്ചിരുന്നതിനാൽ വർക്ക്ഷോപ്പുകളിലാണ്. അറ്റകുറ്റപണികൾ പൂർത്തിയാക്കുന്നതനുസരിച്ചു മാത്രമേ ബസുകൾ റോഡുകളിൽ ഇറക്കാൻ സാധിക്കു.
ജില്ലയിൽ ചങ്ങനാശേരി, പാലാ, കുമരകം, വൈക്കം, തലയോലപ്പറന്പ്, കല്ലറ, കടുത്തുരുത്തി തുടങ്ങി ജില്ലയുടെ എല്ലാ മേഖലകളിലേക്കും ബസുകൾ ഓടുന്നുണ്ട്.
ബസുകളിൽ സാമൂഹിക അകലം പാലിച്ചു പരിമിതമായി യാത്രക്കാരെ മാത്രമേ കയറ്റാൻ സാധിക്കുവെങ്കിലും യാത്രക്കാർ തീരെ കുറവാണ്. ചില റൂട്ടുകളിൽ ഒരു യാത്രക്കാരൻ പോലുമില്ലാതെയാണ് ബസുകൾ സർവീസ് നടത്തിയത്.
അതേസമയം കാഞ്ഞിരപ്പള്ളി വട്ടക്കാവിൽ നിന്ന് ഇന്നു രാവിലെ കോട്ടയത്ത് എത്തിയ ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. എല്ലാ സിറ്റിലും യാത്രക്കാർ ഇരിക്കുകയും ഇതിനു പുറമെ ബസിൽ യാത്രക്കാർ നില്ക്കുകയും ചെയ്തിരുന്നു.