ഇരിങ്ങാലക്കുട: വീടിനു മുകളിൽ അപകടാവസ്ഥയിൽ നില്ക്കുന്ന മൊബൈൽ ടവർ വീഴുമോ എന്ന ഭയത്താൽ വീട്ടിൽ താമസിക്കാനാകാതെ പൊറുത്തിശേരിയിൽ ഒരു കുടുംബം. ഇരിങ്ങാലക്കുട നഗരസഭ 34-ാം വാർഡിലെ പൊറുത്തിശേരി റബർ എസ്റ്റേറ്റിനു സമീപം താമസിക്കുന്ന വിളങ്ങോട്ടുപറന്പിൽ രാജുവിനും കുടുംബത്തിനുമാണു ഈ ദുരവസ്ഥ.
നാലു വർഷങ്ങൾക്കു മുന്‍പാണു രാജുവിന്റെ വീടിന്റെ തൊട്ടടുത്ത സ്വകാര്യ വ്യക്തിയുടെ ഉയരത്തിലുള്ള സ്ഥലത്തു മൊബൈൽ ടവർ നിർമിച്ചത്. നിർമാണ സമയത്തു പ്രദേശവാസികളുടെ സമ്മതപത്രം വാങ്ങിയിരുന്നില്ലെന്നു നാട്ടുകാർ പറയുന്നു.
കഴിഞ്ഞ മഴ കാലത്തു ടവറിന്റെ തറയോടു ചേർന്നുള്ള മണ്ണു ഇടിഞ്ഞു രാജുവിന്റെ വീടിനു സമീപത്തേയ്ക്കു വീണതിനെ തുടർന്നു ടവർ ഭീഷണിയാണെന്നു കാണിച്ചു നഗരസഭയിൽ രാജു പരാതി നല്‍കിയിരുന്നു.
എന്നാൽ അടുത്ത മഴക്കാലമെത്തിയിട്ടും ടവർ കന്പനിക്കു നോട്ടീസു നല്‍കിയെന്ന മറുപടിയല്ലാതെ യാതൊരു തീരുമാനവും നഗരസഭ അധികൃതർ എടുത്തിട്ടില്ല.
പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളെയും കൊണ്ടു തൃശൂരിലെ ഭാര്യ വീട്ടിലാണ് ഇപ്പോൾ രാജുവും കുടുംബവും കഴിയുന്നത്. ടവർ വീണ് ഒരു ദുരന്തം ഉണ്ടാകുമെന്ന ഭയത്തിലാണ് ഈ കുടുംബം.