എടത്വ: ചങ്ങനാശേരി പ്രത്യാശ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പുന്നശേരി, തലവടി പഞ്ചായത്തംഗങ്ങൾ, കുടുംബശ്രീ അയൽകൂട്ടങ്ങളുടേയും സന്നദ്ധ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ച സാജൻ രക്ഷാ സമിതിയിലൂടെ ജീവൻ നിലനിർത്താൻ സാധിച്ചത് മൂന്നു പേർക്ക്.
തലവടി പഞ്ചായത്ത് കോടന്പനാടി പത്തിശേരിൽ പരേതനായ വാസുവിന്റെ മകൻ സാജന്റെ ജീവൻ നിലനിർത്താൻ 2016 ജനുവരിയിൽ സ്വരൂപിച്ച 11 ലക്ഷ രൂപകൊണ്ടാണ് പഞ്ചായത്തിലെ മൂന്നുപേർക്ക് ജീവൻ നിലനിർത്താൻ സാധിച്ചത്. 11,27, 460 രൂപയാണ് അന്ന് തലവടി പഞ്ചായത്തിലെ എട്ടു വാർഡുകളിലായി എട്ടുമണിക്കൂർ കൊണ്ട് ധനസമാഹരണം നടത്തിയത്.
കാൻസർബാധ മൂലം വലതുകാൽ മുറിച്ചുമാറ്റുകയും മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുകയും ചെയ്യേണ്ട സാജന്റെ ചികിത്സാർഥം എട്ട് ലക്ഷം രൂപയായിരുന്നു ആവശ്യം.
സാജന്റെ ബ്ലഡിന്റെ കൗണ്ട് കുറവായതിനാൽ ഓപ്പറേഷൻ നടന്നില്ല. തുടർന്ന് സാജന്റെ തുടർ ചികിത്സയ്ക്കായി 2017 മാർച്ചിൽ മൂന്നുലക്ഷം രൂപ നൽകി. തുടർന്നും ഓപ്പറേഷനുവേണ്ടി കാത്തിരുന്നെങ്കിൽ കൗണ്ട് കൂടാഞ്ഞതിനാൽ ഓപ്പറേഷൻ നടക്കാതെ പോയി.
തുടർന്ന് കുന്തിരിക്കൽ കാഞ്ഞിരപ്പള്ളിൽ ജിബിൻ കെ. ഐസക്ക് (29) എന്ന യുവാവിന് കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വേണ്ടി സാജന്റെ അനുമതിയോടെ അഞ്ചുലക്ഷവും തലവടി പഞ്ചായത്ത് 15-ാം വാർഡ് ഏഴരയിൽ എബി യോഹന്നാന്റെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി 3,50,000 രൂപയും സാജന്റെ അനുമതിയോടെ നൽകി.
പിരിവിന്റെ സംഘാടനത്തിനും പരസ്യങ്ങൾക്കുമായി ചെലവായ 40,000 രൂപയും കഴിച്ച് ബാക്കി 1,52,986.90 രൂപ സാജന് കൈമാറാനാണ് ഇപ്പോൾ സാജൻ രക്ഷാസമിതി തീരുമാനിച്ചിരിക്കുന്നത്.
ഈ കുടുംബങ്ങളുടെ കണ്ണീരൊപ്പാൻ സഹായിച്ച എല്ലാ സുമനസുകൾക്കും പ്രത്യാശാപ്രവർത്തകർക്കും രക്ഷാസമിതി ചെയർമാനും പഞ്ചായത്ത് പ്രസിഡന്റുമായ ജനൂബ് പുഷ്പാകരൻ, ജനറൽ കണ്‍വീനർ ജെ.റ്റി. റാംസെ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി തോമസ് പ്രസാദ്, പഞ്ചായത്ത് അംഗങ്ങളായ പ്രിയ അരുണ്‍, അജിത്ത്കുമാർ പിഷാരത്ത് എന്നിവർ നന്ദി പറഞ്ഞു.