വെഞ്ഞാറമൂട് : പതിനൊന്നു മാസമായ കുഞ്ഞിനെ കെട്ടിത്തൂക്കിയശേഷം അതെ ഷാളിന്റെ മറ്റേ അറ്റത്തു തൂങ്ങി മരിച്ച മാതാവിന്റെ മൃതദേഹം സംസ്കരിച്ചു.
വേങ്കമല മുളങ്കാട് അജിത് ഭവനത്തിൽ വാടകക്ക് താമസിക്കുന്ന നേപ്പാൾ സ്വദേശിയായ സഞ്ജയയുടെ ഭാര്യ സുനിത (25)യാണ് ആത്മഹത്യ ചെയ്തത്. പതിനൊന്നു മാസമായ ഇവരുടെ ഇളയ മകൻ സംഗീതിനെ ഇന്നലെ ഉച്ചയോടെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു.
വ്യാഴാഴ്ച വൈകുന്നേരം ആറിനാണ് നാടിനെ നടുക്കിയ സംഭവം. കിടപ്പു മുറിയിലെ ഫാനിൽ ഷാൾ രണ്ടു വശത്തേക്ക് ഇട്ട ശേഷം ഒരു ഭാഗത്തു സംഗീതിന്റെ കഴുത്തിൽ കുരുക്കിട്ട ശേഷം മറ്റേ അറ്റത്തു മാതാവ് തൂങ്ങുകയായിരുന്നു.
കുഞ്ഞിന്റെ കാൽ സമീപത്തുണ്ടായിരുന്ന കസേരയിൽ തട്ടി നിന്നതിനാൽ രക്ഷപ്പെട്ടു. ഈ സമയം മൂത്ത കുട്ടി സന്ദീപ് ഇവരുടെ ബന്ധുവായ യുവാവിനൊപ്പം പുറത്തു നിൽക്കുകയായിരുന്നു.
ഭർത്താവു പുറത്തു പോയി വന്ന സമയത്താണ് സംഭവം. അയൽവാസികളെ വിളിച്ചെത്തി ഇയാൾ ഇരുവരെയും താഴെ ഇറക്കിയെങ്കിലും സുനിതയെ രക്ഷിക്കാനായില്ല. സുനിത ഇവിടെ വന്നിട്ട് മൂന്നു മാസമായി.
ഇവർക്ക് മാനസിക പ്രശ്നം ഉള്ളതായി നാട്ടുകാർ പറയുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ നെടുമങ്ങാട് ആർഡി ഒ യുടെ സാന്നിധ്യത്തിലായിരുന്നു പോസ്റ്റ്മോർട്ടം. മൃതദേഹം നെടുമങ്ങാട് കല്ലമ്പാറ നഗരസഭയുടെ പൊതു ശ്മശാനത്തിൽ സംസ്കരിച്ചു.