മുക്കം: പുണ്യങ്ങളുടെ പൂക്കാലമായ റംസാൻ മാസത്തിലെ വ്രതവുമെടുത്തതിന്റെ ആത്മനിർവൃതിയിലാണ് ഹിന്ദു ധർമ സംരക്ഷണ സമിതി പ്രസിഡന്റ് കപ്യേടത്ത് ചന്ദ്രൻ.
മുഴുവൻ നോമ്പും പൂർത്തീകരിച്ച് പുണ്യമായ ആരാധനാ കർമമായ ഫിത്വർ സക്കാത്തും നൽകി റംസാന് ശേഷമുള്ള ആറ് നോമ്പും എടുക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം. റംസാനിൽ നോമ്പ് എടുക്കുക എന്നത് കുട്ടിക്കാലം മുതലേയുള്ള ആഗ്രഹമായിരുന്നുവെങ്കിലും സമയത്ത് ഭക്ഷണം കഴിക്കാതിരുന്നാൽ ശാരീരിക അവശതകൾ ഉണ്ടാകുന്നത് മൂലം ആഗ്രഹം പൂർത്തീകരിക്കാൻ കഴിഞ്ഞിരുന്നില്ല.
എന്നാൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഹിന്ദു ധർമ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മുക്കത്ത് സംഘടിപ്പിച്ച ഉപവാസത്തിൽ ഒരു ദിവസം മുഴുവൻ ഭക്ഷണം കഴിക്കാതിരുന്നത് റംസാനിൽ നോമ്പ് എടുക്കാനുള്ള ആത്മവിശ്വാസം വർധിപ്പിച്ചു.
നോമ്പ് എടുക്കുന്ന വിവരം വീട്ടുകാരെ അറിയിച്ചതോടെ പൂർണ പിന്തുണയും കിട്ടി. സുബഹി വാങ്കിന് മുൻപായി രണ്ട് നേന്ത്രപ്പഴം കഴിക്കും. പിന്നീട് തന്റെ തിരക്കുകളിലേക്ക് ഊളിയിടും. മഹ്-രിബ് ബാങ്ക് കൊടുക്കുന്നതോടെ കാരക്കയും നാരങ്ങാവെള്ളവും ഉപയോഗിച്ച് നോമ്പ് തുറക്കും.
ചില ദിവസങ്ങളിൽ തരിക്കഞ്ഞിയുമുണ്ടാകും. ചപ്പാത്തി, ഫ്രൂട്ട്സ് എന്നിവയായിരിക്കും മറ്റു വിഭവങ്ങൾ. ഇദ്ദേഹം നോമ്പ് എടുക്കുന്നത് കണ്ട് പേരക്കുട്ടിയായ വേദിക് രാജും രണ്ടുദിവസം നോമ്പെടുത്തു. മണാശ്ശേരി ഗവ. എൽപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് വേദിക് രാജ്.
നോമ്പ് എടുക്കുമ്പോൾ മാനസികമായ ഉൻമേഷവും ഊർജവും പ്രത്യേക ധൈര്യവും ലഭിക്കുന്നതായി ഇദ്ദേഹം പറയുന്നു. ആദ്യം കുറച്ചു പ്രയാസം ഉണ്ടായിരുന്നുവെങ്കിലും പിന്നീട് വിശപ്പ് അറിയുന്നതേയില്ല. ഇനി വരുന്ന മുഴുവൻ റംസാൻ മാസങ്ങളിലും വ്രതമനുഷ്ഠിക്കണമെന്നാണ് ആഗ്രഹമെന്നും ഇദ്ദേഹം പറയുന്നു.
മുക്കം ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയും മുക്കം അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റും സമന്വയ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റുമായ അദ്ദേഹത്തിന്റെ വ്രതാനുഷ്ഠാനത്തിന് അമ്മ ദേവകിയും ഭാര്യ പ്രസന്നയും മകൻ രാജേഷും കൊച്ചു മകൻ അദ്വിക് രാജും വലിയ പിന്തുണയാണ് നൽകുന്നത്.