എടക്കര: വഴിക്കടവ് നെല്ലിക്കുത്ത് റിസർവ് വനത്തിൽ വേട്ടയ്ക്കിറങ്ങിയ അഞ്ചംഗ സംഘത്തിലെ ഒരാൾ പിടിയിലായി, നാല് പേർ ഓടി രക്ഷപെട്ടു. പൂവത്തിപ്പൊയിൽ ഡീസന്റ് കോളനിയിലെ കണ്ണത്തേക്ക് വിജയൻ(40) ആണ് പിടിയിലായത്. ഇതേ കോളനിയിലെ നാല് പേരാണ് ഓടിരക്ഷപ്പെട്ടത്.
ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. നെല്ലിക്കുത്ത് വനം കേന്ദ്രീകരിച്ച് മൃഗവേട്ട നടക്കുന്നുണ്ടെന്ന് വനം ഉദ്യോഗസ്ഥർക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. ബുധനാഴ്ച ഒരു സംഘം വേട്ടയ്ക്കിറങ്ങിയതായി വനം ജീവനക്കാർക്ക് രഹസ്യവിവരവും ലഭിച്ചിരുന്നു.
രാത്രി പെട്രോളിംഗ് നടത്തുകയായിരുന്ന വനപാലകസംഘത്തിന്റെ മുൻപിൽ വേട്ടസംഘം പെടുകയായിരുന്നു. സംഘത്തിലെ വിജയനെയാണ് പിടികൂടാനായത്. ലൈസൻസില്ലാത്ത ഒരു നാടൻ തോക്ക്, ഒരു തിര, ഒരു സർച്ച് ലൈറ്റ് എന്നിവ ഇയാളിൽ നിന്നും പിടിച്ചെടുത്തു.
മറ്റുള്ളവർ ഓടിരക്ഷപെടുകയും ചെയ്തു. രക്ഷപ്പെട്ട പ്രതികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് നടക്കുമെന്നും റെയഞ്ച് ഓഫീസർ നിഷാൽ പുളിക്കൽ പറഞ്ഞു. പിടിയിലായ വിജയനെ മഞ്ചേരി വനം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വഴിക്കടവ് റേഞ്ച് ഓഫീസർ നിഷാൽ പുളിക്കൽ, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ജോണ്സൻ, ഫോറസ്റ്റർ വൽസലൻ, ഗാർഡുമാരായ ശ്രീജൻ, വിനോദ്, അനീഷ്, സജിത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.