
തിരുവനന്തപുരം: സംസ്ഥാനം അതീവ ജാഗ്രതയിൽ. സംസ്ഥാനത്ത് ഇന്ന് 42 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് പേർ രോഗമുക്തരായി.
ഇന്നലെ കോവിഡ് ബാധിച്ച് ഒരു മരണവും സംഭവിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചാവക്കാട് സ്വദേശിനിയായ വയോധികയാണ് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത്.
കണ്ണൂർ- 12, കാസർഗോഡ്- ഏഴ്, പാലക്കാട്-അഞ്ച്, തൃശൂർ, മലപ്പുറം നാല് വീതം, കോട്ടയം-രണ്ട്, കൊല്ലം, പത്തനംതിട്ട, വയനാട് ഓരോരുത്തർക്ക് എന്നിങ്ങനെയാണ് കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചവരിൽ 17 പേർ വിദേശത്തുനിന്നും എത്തിയവരാണ്. 14 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും എത്തിയവരും. ഇതിൽ 21 പേർ മഹാരാഷ്ട്രയിൽനിന്നും ഓരോരുത്തർ തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽനിന്നും എത്തിയവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയും രോഗം ബാധിച്ചു. കോഴിക്കോട് ആരോഗ്യപ്രവർത്തകനാണ് കോവിഡ് സ്ഥിരീകരിച്ചത്.
732 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 216 പേർ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരെ എണ്ണവും വർധിച്ചു.
84288 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. ഇതിൽ 83649 പേർ വീടുകളിലോ സ്ഥാപന ക്വാറന്റൈൻ കേന്ദ്രങ്ങളിലോ നിരീക്ഷണത്തിലാണ്. 609 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. ഇന്ന് മാത്രം 162 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.