സജീവൻ പൊയ്ത്തുംകടവ്
കണ്ണൂർ: കയ്യിൽ കിട്ടിയതും അധ്വാനിച്ച് സ്വരൂപിച്ചതുമായ സർവതും എടുത്ത് അതിഥി താെഴിലാളികൾ സ്വന്തം നാടുകളിലേക്ക് കൂട്ടപാലായനം നടത്തുമ്പോൾ പ്രതിസന്ധിയിലാകുന്നത് ആയിരകണക്കിന് സ്ഥാപനങ്ങളാണ്.
വിവിധ സംസ്ഥാനങ്ങളിൽ നിന്നും തൊഴിലെടുക്കുന്നതിനായി കേരളത്തിൽ എത്തിയ പതിനായിരങ്ങൾ സ്വന്തം നാടുകളിലേക്ക് കൂട്ട പലായനം നടത്തുമ്പോൾ ഒരു കാര്യം തീർച്ച മലയാളികൾ താെഴിൽ ചെയ്യാൻ മടിച്ചിരുന്ന പല തൊഴിൽ മേഖലയിലും വരും നാളുകളിൽ വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കാൻ പോകുകയാണ്.
നിർമ്മാണ മേഖല മുതൽ ബ്യൂട്ടിപാർലർ വരെയുള്ള വ്യവസായ വാണിജ്യ മേഖലകളിൽ ‘ഭായി’ മാരുടെ സേവനം ഇന്ന് അനിവാര്യം. എന്നാൽ കോവിഡ് കാലത്ത് നാട്ടിലേക്ക് തിരിച്ചവർ ഇനിയെന്ന് വരുമെന്നോ, ഒരിക്കലും തിരിച്ചു വരവ് ഉണ്ടാവില്ലെന്നോ പറയാൻ സാധിക്കാത്ത വിധം യാത്രാമൊഴി പറയാതെയാണ് അവരുടെ പോക്ക്.
അതുകൊണ്ടുതന്നെ ഇതര സംസ്ഥാന തൊഴിലാളികളെ ആശ്രയിച്ചു കഴിയുന്ന നിരവധി സ്ഥാപനങ്ങൾ തൊഴിൽ പ്രതിസന്ധി നേരിടുകയാണ്.
നിർമ്മാണ മേഖലയിലാണ് പ്രധാനമായും ഇതര സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്നത്. ഇവർ നാട്ടിലേക്ക് മടങ്ങിയതോടെ നിർമ്മാണ കരാറുകാർ ആശങ്കയിലാണ്.
ലോക്ക് ഡൗണിന് മുമ്പ് നിർത്തിവച്ച പല നിർമ്മാണ പ്രവൃത്തികളും മഴയെത്തും മുമ്പ് പൂർത്തിയാക്കാനാവാത്ത സ്ഥിതിയാണുള്ളത്. പ്ലൈവുഡ് മേഖലയിലും പ്രതിസന്ധി രൂക്ഷമാണ്. ചില റൂട്ടുകളിലെ സ്വകാര്യ ബസുകളിലെ വരുമാനമാർഗം പോലും ഇതര സംസ്ഥാന തൊഴിലാളികളുടെ യാത്രയെ ആശ്രയിച്ചാണ്.
സമയക്രമം നോക്കാതെ കഠിനധ്വാനം ചെയ്യുമെന്നതാണ് ഇതര സംസ്ഥാന തൊഴിലാളികളെ കൂടുതലായും ജാേലിക്ക് വയ്ക്കാൻ സ്ഥാപന ഉടമകളെ പ്രേരിപ്പിക്കുന്നത്.കൂടാതെ കുറഞ്ഞ കൂലിയും അനുകൂല ഘടകമാണ്.
ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നത് കാരണം പുതിയ തൊഴിലാളികളെ കണ്ടെത്താനും അവർക്ക് തൊഴിൽ പരിശീലനം നൽകുവാനും സമയമെടുക്കും. മാത്രമല്ല , ഉയർന്ന കൂലി നൽകി താെഴിലാളികളെ ജോലിക്ക് നിർത്തുവാൻ കൊവിഡ് കാലത്തെ വ്യാപാര മാന്ദ്യത്തിൽ സാധിക്കില്ലെന്നത് സ്ഥാപന ഉടമകൾ പറയുന്നു.
ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഈ കുടിയേറ്റം ശക്തമായിട്ട് അധികകാലമായിട്ടില്ല. റോഡരികിൽ പെെപ്പിന്റെ കുഴിയെടുക്കുന്ന, റോഡിന്റെ ടാർ പണിചെയ്യുന്ന ‘അണ്ണാച്ചി ‘മാരായിരുന്നു നാട്ടിൽ ജോലിക്കായി ആദ്യം എത്തിയത്.
എന്നാൽ ഇന്ന് സംസ്ഥാന സർക്കാറിന്റെ ആവാസ് കാർഡുള്ള ഇതര സംസ്ഥാന തൊഴിലാളികൾ അഞ്ചരലക്ഷമാണ്. ഉയർന്ന വേതനം, കൃത്യമായി ലഭിക്കുന്ന കൂലി, തൊഴിൽ ലഭ്യത എന്നീ ഘടകങ്ങളാണ് പ്രധാനമായും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളെ കേരളത്തിലേക്ക് ആകർഷിച്ചത്.
ഇതിൽ 18 നും 30 ഇടയിൽ പ്രായമുള്ളവരാണ് താെഴിലാളികളിൽ ഏറെയും. ആദ്യഘട്ടങ്ങളിൽ ഹിന്ദിക്കാർ, ബംഗാളികൾ എന്നാെക്കെയായിരുന്നു ഇവർക്ക് വിളിപ്പേർ നൽകിയിരുന്നെങ്കിലും എന്നാൽ അവർ ഇപ്പോൾ അഥിതി താെഴിലാളികളായി മാറി.
ഉത്തർപ്രദേശ്, ബീഹാർ, രാജസ്ഥാൻ, ഒറീസ, ഛത്തിസ്ഗഡ്, മണിപ്പൂർ, സിക്കിം തുടങ്ങി രാജ്യത്തിന്റെ വിവിധ സംസ്ഥനങ്ങളിൽ നിന്നുള്ളവർ ജോലി തേടി ഇവിടെ എത്തിക്കൊണ്ടിരുന്നു. കോവിഡ് കാലത്ത് സർക്കാർ നൽകിയ സൗജന്യ റേഷനിൽ പോലും ഇതര സംസ്ഥാന തൊഴിലാളികളെ ഉൾപ്പെടുത്തി. ഇതെല്ലാം ഇവരുടെ പ്രാധാന്യം എത്രമാത്രം ഉണ്ടെന്ന് ബോധ്യമാക്കും.