പത്തനംതിട്ട: രണ്ടരമാസം വിദേശത്ത് ലോക്ക്ഡൗണിൽപെട്ടുപോയ സംവിധായകൻ ബ്ലെസി കുറ്റപ്പുഴയിലെ വീട്ടിലെത്തി ക്വാറന്റൈനിലായി. കൈയുടെ വിരലിനേറ്റ ചെറിയ പരിക്കു കാരണം പ്ലാസ്റ്ററിട്ടിരിക്കുന്നതിനാൽ അദ്ദേഹത്തെ വീട്ടിൽ ക്വാറന്റൈനീലാകാൻ അനുമതി നൽകുകയായിരുന്നു.
ബ്ലെസി സംവിധാനം ചെയ്യുന്ന ’ആടുജീവിതം’ സിനിമയുമായി ബന്ധപ്പെട്ട ഷൂട്ടിംഗിന് കഴിഞ്ഞ മാർച്ച് ഒന്പതിന് പുലർച്ചെയാണ് വിദേശത്തേക്കു പുറപ്പെട്ടത്. രണ്ടുമാസത്തിലേറെയായി ജോർദാനിലാണ് 58 അംഗ സിനിമാ സംഘം കുടുങ്ങിയത്.
ഏറെ പ്രതിസന്ധിയിലൂടെയാണ് സംഘം അവിടെ കടന്നുപോയതെന്ന് ബ്ലെസി പറഞ്ഞു. ഇടയ്ക്ക് ഷൂട്ടിംഗ് മുടങ്ങി. പിന്നീട് ഏപ്രിൽ 24ന് ജോർദാനിലെ വാദിറാമിൽ പുനരാരംഭിച്ചെങ്കിലും പൂർത്തിയാക്കാനായില്ല.
അഭിനേതാക്കളിൽ പലരും മറ്റു സ്ഥലങ്ങളിൽ പെട്ടുപോയതിനാൽ എല്ലാവർക്കും എത്താനായില്ല. അൾജിരീയയിൽ അടക്കം ഇനി ചിത്രീകരണം നടത്തേണ്ടതുണ്ട്.
നായകൻ പൃഥ്വിരാജ് അടക്കം സംവിധായകനോടൊപ്പം ഉണ്ടായിരുന്നു. ഇതിനിടെ നാട്ടിലേക്കു മടങ്ങാൻ പല ശ്രമങ്ങളും നടത്തിയെങ്കിലും വിജയിച്ചില്ല.
വിദേശത്തെ കനത്ത ചെലവുകളും സംഘത്തെ വലച്ചു. ഭീമമായ തുക വിമാനച്ചാർജ് നൽകിയാണ് മടങ്ങിയെത്തിയത്. ചാർട്ടേഡ് വിമാനത്തിന്റെ നിരക്കിനേക്കാൾ അധികം നൽകേണ്ടിവന്നുവെന്ന് ബ്ലെസി പറഞ്ഞു. അമ്മാനിൽ നിന്ന് ഇന്നലെ പുലർച്ചെ ഡൽഹിയിലെത്തി.