തിരുവനന്തപുരം: ക്വാറന്റൈനിൽ കഴിയുന്നവരും കണ്ടെയ്ൻമെന്റ് സോണിൽ നിന്നുള്ളവരുമായ വിദ്യാർഥികൾക്ക് എസ്എസ്എൽസി/പ്ലസ് ടു പരീക്ഷ എഴുതാൻ പ്രത്യേക ഇരിപ്പിടം ഒരുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
സംസ്ഥാനത്തിനു പുറത്തുള്ള വിദ്യാർഥികൾക്കു പരീക്ഷയെഴുതാൻ എത്തുന്നതിനു ക്രമീകരണം ഒരുക്കും. അവർ 14 ദിവസം ക്വാറന്റൈനിൽ കഴിയേണ്ടിവരും. റൂം ക്വാറന്റൈനിൽ കഴിയുന്നവരുള്ള വീടുകളിൽനിന്നു വരുന്ന വിദ്യാർഥികൾക്കും പരീക്ഷ എഴുതാൻ പ്രത്യേക ക്രമീകരണമുണ്ടാകും.
ആർക്കെങ്കിലും പരീക്ഷ എഴുതാൻ സാധിച്ചില്ലെങ്കിൽ ഉപരിപഠനത്തിന് അവസരം ലഭിക്കുന്ന വിധം സേ പരീക്ഷയ്ക്കൊപ്പം അവർക്കായി റെഗുലർ പരീക്ഷ നടത്തും.
ഉത്തരക്കടലാസുകൾ പരീക്ഷാകേന്ദ്രത്തിൽ സൂക്ഷിക്കും. വിദ്യാർഥികളെ തെർമൽ സ്ക്രീനിംഗ് നടത്തി ആയിരിക്കും പരീക്ഷാഹാളിലേക്കു പ്രവേശിപ്പിക്കുക. ഇതിനായി 5,000 തെർമൽ മീറ്റർ വാങ്ങും. വിദ്യാർഥികൾക്ക് ആവശ്യമായ മാസ്കുകൾ പരീക്ഷയ്ക്കു മുന്‍പായി വീടുകളിൽ എത്തിച്ചു നൽകും.
പരീക്ഷാകേന്ദ്രം മാറാൻ 10,920 അപേക്ഷകൾ
തിരുവനന്തപുരം: പരീക്ഷാകേന്ദ്രം മാറാൻ 10,920 വിദ്യാർഥികൾ അപേക്ഷ നൽകി.
എസ്എസ്എൽസിക്ക് 1,866 പേരും ഹയർ സെക്കൻഡറിക്ക് 8,835 പേരും വൊക്കേഷണൽ ഹയർ സെക്കൻഡറിക്ക് 219 പേരുമാണ് അപേക്ഷിച്ചിട്ടുള്ളത്. ഇവർക്ക് അനുവദിക്കുന്ന കേന്ദ്രങ്ങളിൽ ആവശ്യത്തിന് ചോദ്യപേപ്പർ എത്തിച്ചു നൽകും.
കോളജുകൾ ജൂണ്‍ ഒന്നിനു തുറക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകൾ ജൂണ്‍ ഒന്നിനു തുറക്കും. ഓണ്‍ലൈനായിട്ടായിരിക്കും ക്ലാസുകൾ തുടങ്ങുക.
ഓണ്‍ലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാഹചര്യമില്ലാത്ത വിദ്യാർഥികൾക്ക് ആവശ്യമായ ക്രമീകരണം ഏർപ്പെടുത്താൻ പ്രിൻസിപ്പൽമാരെ ചുമതലപ്പെടുത്തി. എല്ലാ വിദ്യാർഥികൾക്കും അവസരം ലഭിക്കുന്നു എന്നു പ്രിൻസിപ്പൽമാർ ഉറപ്പാക്കണം.
വിക്ടേഴ്സ് ചാനൽ പോലെ ടെലിവിഷൻ, ഡിടിഎച്ച്, റേഡിയോ സാധ്യതകളും പരിഗണിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.