കാസര്‍ഗോഡ്: ഇറച്ചിക്കോഴി വില 145 രൂപയായി നിശ്ചയിച്ചു കളക്ടറുടെ ഉത്തരവ് നിലനില്‍ക്കെ ജില്ലയില്‍ നിലവിലെ ചില്ലറ വില്‍പ്പനനിരക്ക് 165 രൂപ.
പെരുന്നാള്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഇറച്ചിക്കോഴികളുടെ വില ക്രമാതീതമായി വര്‍ധിപ്പിക്കുന്നതിനെത്തുടര്‍ന്നാണ് പരമാവധി വില 145 രൂപയായി നിശ്ചയിച്ചു കളക്ടര്‍ ഡി. സജിത് ബാബു വ്യാഴാഴ്ച ഉത്തരവിറക്കിയത്.
എന്നാല്‍ ഇന്നലെ കാസര്‍ഗോഡ് അടക്കമുള്ള നഗരത്തിലും പരിസര പ്രദേശങ്ങളിലും 165 രൂപയ്ക്കാണ് ഇറച്ചിക്കോഴി വില്‍ക്കുന്നത്. പലയിടങ്ങളും ഇത് ഉപഭോക്താക്കളും വ്യാപാരികളും തമ്മിലുള്ള വാക്കുതര്‍ക്കത്തിനും കാരണമായി.
മൊത്തവിതരണക്കാരില്‍ നിന്ന് തങ്ങള്‍ക്കു ഇറച്ചിക്കോഴി ലഭിക്കുന്നത് 148 രൂപയ്ക്കാണെന്നും ഈ സാഹചര്യത്തില്‍ കിലോയ്ക്ക് മൂന്നു രൂപ നഷ്ടം സഹിച്ച് എങ്ങനെ വില്‍ക്കുമെന്നും വ്യാപാരികള്‍ ചോദിക്കുന്നു. വില നിശ്ചയിക്കുന്ന അവസരത്തില്‍ ഇറച്ചിക്കോഴി വിൽപ്പനക്കാരുടെ അഭിപ്രായം തേടിയില്ലെന്ന ആരോപണമുണ്ട്.
ഇറച്ചിക്കോഴിക്ക് അമിതവില ഈടാക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ സിവില്‍ സപ്ലൈസ്-ലീഗല്‍ മെട്രോളജി വകുപ്പുകള്‍ സംയുക്തമായി നടത്തിയ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വില 145 രൂപയായി നിജപ്പെടുത്തിയതെന്നാണ് സൂചന.
അമിതവില ഈടാക്കുന്നവര്‍ക്കെതിരേ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും ഇറച്ചിക്കോഴികളുടെ മൊത്ത വില്‍പ്പനവില കുറയുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ പുനരുത്തരവ് പുറപ്പെടുവിക്കുമെന്നും കളക്ടര്‍ അറിയിച്ചിരുന്നു. അതേസമയം പരാതി അറിയിക്കാന്‍ നല്കിയ നന്പറില്‍ വിളിച്ചാല്‍ പ്രതികരിക്കുന്നില്ലെന്ന് ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.