പത്തനംതിട്ട: വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായി കേരളത്തിലേക്ക് ദിനംപ്രതി എത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമ്പോഴും കോവിഡ് പരിശോധനകളില്‍ കാര്യമായ വര്‍ധനയില്ല.
വിദേശത്തുനിന്നു കൂടുതല്‍ ആളുകള്‍ എത്താന്‍ തുടങ്ങിയതിനുശേഷം പരിശോധനകളില്‍ നേരിയ വര്‍ധനയുണ്ടായെങ്കിലും നിരീക്ഷണത്തിലാകുന്നവരുടെ എണ്ണത്തിന് ആനുപാതികമായി ഇതു വര്‍ധിച്ചിട്ടില്ല. പരിശോധനകളുടെ കാര്യത്തില്‍ അഖിലേന്ത്യ ശരാശരിയേക്കാള്‍ കേരളം ഇപ്പോഴും പിന്നിലാണ്.
ഇന്നലെ വരെ 51,310 സാമ്പിളുകളാണ് സംസ്ഥാനത്തു പരിശോധിച്ചത്. മുന്‍ഗണനാവിഭാഗത്തില്‍ 7072 സാമ്പിളുകളും പരിശോധിച്ചു. രോഗലക്ഷണമുള്ളവരില്‍ മാത്രം പരിശോധനയെന്നതാണ് ഇപ്പോഴത്തെ നയം. പുറമേ നിന്നുള്ളവര്‍ എത്താന്‍ തുടങ്ങിയശേഷം പരിശോധനകള്‍ കൂട്ടിയത് കഴിഞ്ഞ 13 മുതലാണ്. 833 സാമ്പിളുകളാണ് 13ന് പരിശോധനയ്ക്ക് അയച്ചത്.
നേരത്തെ അയച്ചിരുന്ന 10 സാമ്പിളുകളിലാണ് അന്ന് ഫലം പോസിറ്റീവായി ലഭിച്ചത്. 14ന് പരിശോധനകളുടെ നിരക്ക് കൂട്ടി. 1312 സാമ്പിളുകള്‍ അയച്ചു. 15ന് 1509, 16ന് 1468, 17ന് 1358, 18ന് 878, 19ന് 1053, 20ന് 1585, 21ന് 1290 എന്നിങ്ങനെയാണ് പരിശോധനയ്ക്ക് അയച്ചത്.
സംസ്ഥാനത്ത് ഏറ്റവുമധികം പരിശോധന നടന്നത് കഴിഞ്ഞ രണ്ടിനാണ് അന്ന് 4033 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ പ്രവര്ത്തിക്കുന്നവരുടേതടക്കം സാമ്പിളുകള്‍ കൂട്ടമായി പരിശോധനയ്ക്ക് അയച്ചതോടെയാണിത്.
പരിശോധനകളില്‍ പത്തനംതിട്ട, കണ്ണൂര്‍, കോഴിക്കോട്, കാസര്‍ഗോഡ്, മലപ്പുറം ജില്ലകളാണ് മുന്നില്‍. പ്രതിദിനം ശരാശരി 150നും 250നും ഇടയില്‍ സ്രവങ്ങള്‍ ഈ ജില്ലയില്‍ പരിശോധനയ്ക്ക് അയയ്ക്കുമ്പോള്‍ മറ്റു ജില്ലകളില്‍ ഇത് നൂറില്‍ താഴെയാണ്. പത്തനംതിട്ടയില്‍ 6,352 സ്രവങ്ങളാണ് വെള്ളിയാഴ്ചവരെ പരിശോധനയ്ക്ക് അയച്ചത്.
കണ്ണൂരില്‍ 5,314, കോഴിക്കോട്ട് 3,408 സ്രവങ്ങളും പരിശോധനയ്ക്ക് അയച്ചിരുന്നു. വയനാട്ടില്‍ ഇന്നലെവരെ 1,499 സ്രവങ്ങളാണ് പരിശോധനയ്ക്ക് അയച്ചതെങ്കിലും സാമൂഹിക വ്യാപന സാധ്യത പരിശോധിക്കാന്‍ പ്രത്യേക വിഭാഗത്തിലെ 1,571 സ്രവങ്ങള്‍ കൂടി പരിശോധിച്ചിട്ടുണ്ട്.