കൊച്ചി: മതസ്പര്‍ധ ഉളവാക്കുന്ന തരത്തില്‍ വാര്‍ത്ത നല്കിയ ന്യൂസ് വെബ് പോര്‍ട്ടല്‍ ബ്ലോക്ക് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്. സംസ്ഥാന ആഭ്യന്തര സെക്രട്ടറി, എഡിജിപി (ക്രൈം സൈബര്‍ സെല്‍) എന്നിവര്‍ വെബ് പോര്‍ട്ടല്‍ ബ്ലോക്ക് ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു.
ക്രൈസ്തവ സമുദായത്തെയും വിശ്വാസത്തെയും പരിശുദ്ധ മറിയത്തെയും അവഹേളിച്ചുകൊണ്ടുള്ള ലേഖനം ന്യൂസ് വെബ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചെന്നാരോപിച്ച് ഇടുക്കി കാഞ്ചിയാര്‍ സ്വദേശി ജോമോന് ജോസ് നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് വി. ഷിര്‍സിയുടെ ഉത്തരവ്.
ന്യൂസ് ഗില്‍ പോര്‍ട്ടലിന്റെ ചീഫ് എഡിറ്റർ സി.എസ്. ലിബി എഴുതി മേയ് 12നു ന്യൂസ് വെബ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ച ലേഖനം മതസ്പര്‍ധയും മതനിന്ദയും പ്രചരിപ്പിക്കുന്നതാണെന്നും ക്രിസ്ത്യന്‍- മുസ്ലിം മതവിശ്വാസികളെ വേദനിപ്പിക്കുന്നതാണെന്നും ഹര്ജിക്കാരന് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ലേഖനം ക്രിസ്തുമത വിശ്വാസികള്‍ വിശുദ്ധയായി വണങ്ങുന്ന പരിശുദ്ധ മറിയത്തെ അവഹേളിക്കുന്ന തരത്തിലാണ്. ന്യൂസ് വെബ് പോര്‍ട്ടലില്‍ തുടര്‍ച്ചയായി മതവികാരം വ്രണപ്പെടുത്തുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ടെ ന്നും ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഹര്‍ജിയിൽ പറയുന്നു.
രാജ്യത്തെ സമാധാനവും ശാന്തതയും ഇല്ലാതാക്കുകയും മറ്റുരാജ്യങ്ങളുമായുള്ള ബന്ധത്തെ തകര്‍ക്കുകയും ചെയ്യുന്ന വിധത്തിലാണ് പോര്‍ട്ടലിന്റെ പ്രവര്‍ത്തനങ്ങളെന്നും ഹര്ജിക്കാരന് ആരോപിച്ചിരുന്നു.
പോര്‍ട്ടലിനും എഡിറ്റര്‍ക്കുമെതിരേ ക്രിമിനല്‍ വകുപ്പുകള്‍ പ്രകാരം കേസ് എടുക്കണമെന്നും മതനിന്ദ പ്രചരിപ്പിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചതിനെതിരേ നടപടി വേണമെന്നുമായിരുന്നു ഹര്‍ജിയിലെ വാദം.
ഈ വാദം പ്രാഥമികമായി അംഗീകരിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. ന്യൂസ് വെബ് പോര്‍ട്ടല്‍ ചീഫ് എഡിറ്റര്‍, സര്‍ക്കാര്‍ എന്നിവരുള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്കു നോട്ടീസ് അയയ്ക്കുന്നതിനും കോടതി നിര്‍ദേശം നല്കി.
ന്യൂസ് പോര്‍ട്ടല്‍, കംപ്യൂട്ടര്‍ ഉപകരണങ്ങള്‍ എന്നിവ പിടിച്ചെടുക്കണമെന്നും ഹര്‍ജിയിൽ ആവശ്യപ്പെട്ടിരുന്നു. ഹര്‍ജിക്കാരനു വേണ്ടി അഡ്വ. ജോണ്സണ് മനയാനി ഹാജരായി.