സ്വന്തം ലേഖകൻ
ചാലക്കുടി: അരനൂറ്റാണ്ടിന് മുൻപ് കാലയവനികക്കുള്ളിൽ മാഞ്ഞുപോയെങ്കിലും പനന്പിള്ളിയെന്ന പേര് ചാലക്കുടിക്കാർക്ക് ഇന്നും ആവേശവും അഭിമാനവുമാണ്.
കേരള രാഷ്ട്രീയത്തിലെ മികച്ച ഭരണാധിപൻമാരിൽ ഒരാളായ പനന്പിള്ളി ഗോവിന്ദമേനോന്റെ ഓർമകൾക്ക് ഇന്ന് അരനൂറ്റാണ്ട് തികയുന്പോൾ ചാലക്കുടിയെ ഇന്നത്തെ വികസനപാതയിലെത്തിച്ച ആ മഹാന്റെ ഓർമകൾ ചാലക്കുടിയിൽ നിറയുകയാണ്.
പനന്പിള്ളിയുടെ സ്വന്തം ചാലക്കുടിയും ചാലക്കുടിയുടെ സ്വന്തം പനന്പിള്ളിയും എന്നാണ് പറയാറുള്ളത്. ചാലക്കുടിയുടെ ഇന്നത്തെ വികസനത്തിന് ഏറ്റവും നിർണായക സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു പനന്പിള്ളി.
ചാലക്കുടിയിൽ കുമ്മരപ്പിള്ളി കൃഷ്ണമേനോന്റെയും മാധവി അമ്മയുടേയും മകനായി ജനിച്ച പനന്പിള്ളി ഗോവിന്ദമേനോൻ തന്റെ ജൻമനാടിന് വേണ്ടി ചെയ്ത കാര്യങ്ങൾ നിരവധിയാണ്.
തൃശൂർ ജില്ലയുടേയും എറണാകുളം ജില്ലയുടേയും പകുതിഭാഗത്തോളം വരുന്ന കാർഷികമേഖലയ്ക്ക് ഇപ്പോഴും ജലസമൃദ്ധി നൽകുന്ന തുന്പൂർമൂഴി ഇറിഗേഷൻ പ്രൊജക്ടിന് ചുക്കാൻപിടിച്ചത് പനന്പിള്ളി ഗോവിന്ദമേനോനാണ്. ഇന്നും ചാലക്കുടിയുടെ കാർഷികസമൃദ്ധിക്ക് കാരണം ഈ പദ്ധതിയാണ്.
അദ്ദേഹം കൊണ്ടുവന്ന വ്യവസായ സ്ഥാപനങ്ങളും ചാലക്കുടിയുടെ വികസനക്കുതിപ്പിന് വേഗതയേകി. പനന്പിള്ളി ഗോവിന്ദമേനോന്റെ സ്മരണ നിലനിർത്തുന്നതിനായി ദേശീയപാതക്കരികിൽ ബോയ്സ് ഹൈസ്കൂളിന് സമീപം നിർമിക്കുന്ന പനന്പിള്ളി സ്മാരക സാംസ്കാരിക നിലയത്തിന്റെ പണികൾ പൂർത്തിയായി വരികയാണ്.
വിശാലമായ ലൈബ്രറിയും പനന്പിള്ളി ഗോവിന്ദമേനോന്റെ ജീവിതം വരുംതലമുറയ്ക്ക് അറിയാനുള്ള സംവിധാനങ്ങളും ഇവിടെയൊരുക്കും. പനന്പിള്ളി ജൻമശതാബ്ദി ഫൗണ്ടേഷന് സർക്കാർ നൽകിയ പത്തു സെന്റ് സ്ഥലത്താണ് സാംസ്കാരികനിലയം സജ്ജമാക്കുന്നത്. പനന്പിള്ളിയുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്നതും ഇവിടെയാണ്.
പനന്പിള്ളിയുടെ സ്മരണക്കായി 1998 ഓഗസ്റ്റ് ഏഴിന് അന്നത്തെ രാഷ്ട്രപതി കെ.ആർ.നാരായണൻ ചാലക്കുടി സൗത്ത് ജംഗ്ഷനിൽ പനന്പിള്ളി സ്വകയറിൽ അനാച്ഛാദനം ചെയ്ത പ്രതിമ പിന്നീട് ലോറിയിടിച്ച് തകരുകയും പിന്നീട് ദേശീയപാത വികസനം വന്നപ്പോൾ പനന്പിള്ളി സ്ക്വയർ നിലനിന്നിരുന്ന സ്ഥലം നഷ്ടമാവുകയും പ്രതിമ ഏറെക്കാലം വാഴത്തോപ്പിൽ അനാഥമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുകയും ചെയ്തിരുന്നു.
പനന്പിള്ളി ജൻമശതാബ്ദി ഫൗണ്ടേഷൻ എന്ന സംഘടന അന്തരിച്ച ഡോ.കെ.രാധാകൃഷ്ണന്റെ നേതൃത്വത്തിൽ പ്രതിമ അറ്റകുറ്റപണികൾ നടത്തി 2016 ഓഗസ്റ്റ് 17ന് ദേശീയപാതക്കരികിൽ പുന:സ്ഥാപിക്കുകയുമായിരുന്നു. അന്നത്തെ ഉമ്മൻചാണ്ടി സർക്കാരാണ് സാംസ്കാരിക നിലയത്തിന് പത്തു സെന്റ് നൽകിയത്. 75 ലക്ഷം രൂപ ചിലവിലാണ് പണികൾ പൂർത്തിയാകുന്നത്.
ചാലക്കുടിയിലുള്ള പനന്പിള്ളി സ്മാരക ഗവ.കോളജിന് പുറമെ ഈ സാംസ്കാരിക നിലയം കൂടി തുറന്നുകൊടുക്കുന്നതോടെ ചാലക്കുടിയുടെ വികസന നായകനെ പുതിയതലമുറയ്ക്ക് കൂടുതലറിയാനുള്ള അവസരമാവുകയാണ്.