അമൽ പി. അരുണ്
പത്മരാജൻ… മഴയേയും മഞ്ഞുകാലത്തേയും സ്നേഹിച്ചു തലമുറകളെ മോഹിപ്പിച്ച അനശ്വര കലാകാരൻ. അക്ഷരങ്ങളിലും കാഴ്ചകളിലും പ്രണയം വാരിക്കോരി നിറച്ചുവെച്ച പത്മരാജൻ. അതുകൊണ്ടുതന്നെ ഓരോ വായനക്കാരനും പ്രേക്ഷകനും ഇന്നും പ്രണയമാണ് പത്മരാജൻ കൈയ്യൊപ്പു ചാർത്തിയ ഓരോ സൃഷ്ടിയോടും…
പ്രയാണത്തിൽ തുടങ്ങി ഞാൻ ഗന്ധർവനിൽ അവസാനിച്ച സിനിമകളും മനസിനെ തൊട്ടുണർത്തിയ നോവലുകളും ചെറുകഥകളും തുടങ്ങി താമരകളുടെ ഈ രാജകുമാരൻ സമ്മാനിച്ചതെല്ലാം ഹൃദ്യമായ അനുഭവങ്ങളാണ്.
അവയിലൂടെ നാം പരിചയപ്പെട്ട കഥാപാത്രങ്ങൾ ഇന്നും നമുക്കുള്ളിൽ മരണമില്ലാതെ കഴിയുന്നു….. അവയിൽ വ്യക്തികൾ മാത്രമല്ല ഇന്നും നമ്മുടെ മനസിൽ നിൽക്കുന്നതെന്നോർക്കുക. നമുക്കുപാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന സിനിമയിലെ ടാങ്കർലോറി, മൂന്നാംപക്കത്തിലെ കടലുമൊക്കെ ഇന്നും മലയാളിയെ തൊട്ടുണർത്തുന്നവയാണ്.
1979ൽ പെരുവഴിയന്പലത്തിന്റെ ചലച്ചിത്രാവിഷ്കാരത്തോടെ സംവിധായകനായ പത്മരാജൻ സ്വന്തം കഥകളെ ആധാരമാക്കി സൃഷ്ടിച്ച സിനിമകളാണ് ഒരിടത്തൊരു ഫയൽവാൻ, കള്ളൻ പവിത്രൻ, നവംബറിന്റെ നഷ്ടം, ദേശാടക്കിളി കരയാറില്ല, ഞാൻ ഗന്ധർവൻ തുടങ്ങിയവ.
സാഹിത്യ സൃഷ്ടിയായാലും സിനിമയായാലും അതിൽ തന്േറതായ പത്മരാജൻ ടച്ച് അദ്ദേഹം ചാർത്തിക്കൊടുത്തു.
ലോല എന്ന ചെറുകഥ ഇന്നും ലോകോത്തര പ്രണയസാഹിത്യകൃതികളിൽ ഇടം പിടിക്കുന്നുവെങ്കിൽ അത് പത്മരാജന്റെ രചനാപരമായ ക്രാഫ്റ്റിന്റെ കരുത്തിന്റെ അടയാളമാണ്.
“”വീണ്ടും കാണുക എന്നൊന്നുണ്ടാകില്ല, നീ മരിച്ചതായി ഞാനും ഞാൻ മരിച്ചതായി നീയും കരുതുക. ചുംബിച്ച ചുണ്ടുകൾക്കു വിടതരിക….. ”എന്ന് ലോലയിൽ പത്മരാജൻ കുറിച്ചപ്പോൾ ലോകമെന്പാടുമുള്ള വായനക്കാർ അത് ഏറ്റെടുത്തു. എത്രയോ ഓട്ടോഗ്രാഫുകളിൽ പിന്നീടീ വാചകം എഴുതപ്പെട്ടു. ലോകത്തെ എത്രയോ കാമുകീ കാമുകൻമാർ ഇതേറ്റു പറഞ്ഞു.
മുന്തിരിത്തോപ്പുകളിൽ സോളമനും സോഫിയയും പരസ്പരം പറഞ്ഞ നമുക്ക് ഗ്രാമങ്ങളിൽ ചെന്നു രാപ്പാർക്കാം…എന്ന വാചകവും എത്രയോ സോളമൻമാർ സോഫിയമാരോടു പ്രണയത്തോടെ പറഞ്ഞിട്ടുണ്ട്…
പ്രണയത്തിന്റെ നാനാർത്ഥങ്ങളായി പത്മരാജന്റെ സൃഷ്ടികൾ മായാലോകം തീർത്തു. തൂവാനത്തുന്പികൾ ഇന്നും കൊതിയോടെ മാത്രമേ കണ്ടുതീർക്കാനാകൂവെന്നത് കാലം കാത്തുവച്ച പ്രണയസത്യം.
അവസാനത്തെ സിനിമയായ ഞാൻ ഗന്ധർവനിൽ ഞാൻ ഗന്ധർവൻ – ചിത്രശലഭമാകാനും മേഘമാലകളാകാനും പാവയാകാനും പറവയാകാനും മാനാകാനും മനുഷ്യനാകാനും നിന്റെ ചുണ്ടിന്റെ മുത്തമാകാനും നിമിഷാർധം പോലും ആവശ്യമില്ലാത്ത ഗഗനചാരി എന്ന വാക്കുകളിലൂടെ ഗന്ധർവനെ ആസ്വാദക മനസിൽ വരച്ചിട്ടു.
കാലത്തിന്റെ കണ്ണുതട്ടാത്ത സൃഷ്ടികൾ!! ജീവിച്ചിരുന്നെങ്കിൽ താമരകളുടെ രാജകുമാരന് ഇന്ന് ഈ മണ്ണിൽ 75-ാം പിറന്നാളാണ്. ഗന്ധർവസംഗീതം പൊഴിയുന്ന നക്ഷത്രങ്ങളുടെ ലോകത്ത് പത്മരാജൻ തന്റെ പിറന്നാളാഘോഷിക്കുകയാണ്.