പച്ചപ്പിന്റെ മേലാപ്പ്, ചുവപ്പ് പരവതാനി: നിലമ്പൂർ – ഷൊർണൂർ പാത വീണ്ടും വൈറലാകുന്പോൾ
ഹരിതസൗന്ദര്യം തിളങ്ങിയിരുന്ന നിലന്പൂർഷൊർണൂർ റെയിൽപാത വീണ്ടും വൈറലാകുകയാണ്. പച്ചപ്പിന്റെ മേലാങ്കിയണിഞ്ഞ പാതയിൽ ചുവപ്പ് പൂമെത്ത വിരിച്ചാണ് ഇത്തവണ സഞ്ചാരികളുടെ ഹൃദയം കവർന്നെടുക്കുന്നത്.
കഴിഞ്ഞദിവസം പാതയിലെ മേലാറ്റൂർ റെയിൽവേ സ്റ്റേഷനിൽ ഗുൽമോഹർപ്പൂക്കൾ പരവതാനി വിരിച്ച ചിത്രം കേന്ദ്ര റെയിൽവെ മന്ത്രാലയവും റെയിൽവെ മന്ത്രിയും പങ്കുവെച്ചതോടെ നിലന്പൂർഷൊർണൂർ പാത ദേശീയശ്രദ്ധയും ആകർഷിച്ചുകഴിഞ്ഞു.
സ്റ്റേഷനിലെ ഗുൽമോഹർ മരങ്ങളിൽ നിന്ന് പൂക്കൾ കൊഴിഞ്ഞു വീണതോടെയാണ് പ്ലാറ്റ്ഫോമിൽ പൂക്കളുടെ ചുവന്ന പരവതാനി നിറഞ്ഞത്. യൂറോപ്യൻ രാജ്യങ്ങളിലെ ശിശിരകാല ദൃശ്യങ്ങളെ ഓർമിപ്പിക്കുന്ന ഈ കാഴ്ച മേലാറ്റൂർ സ്വദേശിയായ സയ്യിദ് ആസിഫ് മൊബൈലിൽ പകർത്തി ഫെയ്സ് ബുക്കിലിട്ടതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരാണ് കണ്ടത്.
ലോക്ക് ഡൗണിൽ വിജനമായി കിടക്കുന്ന മേലാറ്റൂർ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിനെ പുതച്ചു കിടക്കുന്ന ഗുൽമോഹർ പൂക്കൾ സൗന്ദര്യത്തിന്റെ വസന്തം തീർത്തിരിക്കുന്നു.
സാധാരണയായി പ്ലാറ്റ്ഫോം വൃത്തിയാക്കാറുള്ളതിനാൽ പൂക്കൾ കൂട്ടമായി കിടക്കുന്ന കാഴ്ചകൾ ലഭിക്കാറില്ല. എന്നാൽ ലോക്ക് ഡൗണിനെ തുടർന്ന് സ്റ്റേഷൻ വിജനമായതോടെ പ്ലാറ്റ്ഫോമിലും റെയിൽവെ ട്രാക്കിലും സ്റ്റേഷൻ കെട്ടിടത്തിന്റെ മേൽക്കൂരയിലുമെല്ലാം ചുവന്ന പൂക്കൾ നിറഞ്ഞിരിക്കുകയാണ്.
പാടങ്ങളും പുഴകളും തേക്കിൻതോട്ടവും കുന്നുകളും ഗ്രാമീണസൗന്ദര്യവും ജാലകകാഴ്ചയൊരുക്കുന്ന നിലന്പൂർ- ഷൊർണൂർ പാത സഞ്ചാരികളുടെ പ്രിയപ്പെട്ട റെയിൽപാതയാണ്. കമൽ സംവിധാനം ചെയ്ത കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലം എന്ന സംഗീതസാന്ദ്രമായ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനായ പാത കൃഷ്ണഗുഡി പാതയെന്ന പേരിലും അറിയപ്പെടുന്നു.
അത്രമേൽ ഹരിതാഭമായ കാഴ്ചകൾ വിരുന്നൊരുക്കുന്ന ഷൊർണൂർ- നിലന്പൂർ റെയിൽപാത ടൂറിസ്റ്റ് ലൊക്കേഷനാക്കാനും കേന്ദ്രസർക്കാരിനു പദ്ധതിയുണ്ട്. ആഭ്യന്തര വിദേശവിനോദ സഞ്ചാരികളെ ഒരുപോലെ ലക്ഷ്യമിട്ടു തുടങ്ങുന്ന ട്രെയിൻ ടൂറിസം പദ്ധതിയാണ് വിനോദസഞ്ചാര വകുപ്പ് വിഭാവനം ചെയ്തത്.
രാജ്യത്തെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ബ്രോഡ് ഗേജ് റെയിൽപാതയാണ് 66 കിലോമീറ്റർ വരുന്ന ഷൊർണൂർ- നിലന്പൂർ റോഡ് പാത. മലപ്പുറം ജില്ലയിലെ വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങൾ സ്പർശിക്കുന്ന ട്രെയിൻ യാത്രയുൾപ്പടെ അടങ്ങുന്ന ടൂറിസം പാക്കേജാണ് ടൂറിസം പ്രമോഷൻ കൗണ്സിൽ പദ്ധതിയിടുന്നത്. റൂട്ടിലെ ടൂറിസം സാധ്യതകൾ അധികൃതർ ഇതുവരെ മതിയാംവണ്ണം പ്രയോജനപ്പെടുത്തിയിട്ടില്ല.
തഴുകിയെത്തുന്ന കുളിർകാറ്റും ശുദ്ധവായുവും ആസ്വദിച്ചു പ്രകൃതിയുടെ പാട്ടിൽ ലയിച്ചു പച്ചപ്പിൽ അഭിരമിച്ചു കഥകളുറങ്ങുന്ന തേക്കിന്റെ നാട്ടിലേക്കൊരു വണ്ടർഫുൾ ജേർണിയാണ് പാത സമ്മാനിക്കുന്നത്. അഭ്രപാളിയിൽ വിരിഞ്ഞ കൃഷ്ണഗുഡി എന്ന റെയിൽവെ സ്റ്റേഷനായ അങ്ങാടിപ്പുറവും നിലന്പൂർഷൊർണൂർ റെയിൽവേ പാതയും നിറമുള്ള കാഴ്ചകളാണ് സമ്മാനിക്കുന്നത്.
മണ്സൂണ് ടൂറിസവും ട്രെയിൻ ടൂറിസവും സമ്മേളിക്കുന്ന റെയിൽവേപാതയുടെ ദൃശ്യമനോഹാരിത യാത്രികരെ സ്വപ്നസഞ്ചാരികളാക്കുമെന്നതിൽ സംശയമില്ല.
പാടങ്ങളും പുഴകളും തേക്കിൻതോട്ടവും കുന്നുകളും ഗ്രാമീണസൗന്ദര്യവും ജാലകകാഴ്ചയൊരുക്കുന്ന പാതയിലെ ട്രെയിൻ യാത്ര നവ്യാനുഭവമാകും. പച്ചപ്പിന്റെ ക്യാൻവാസിൽ തീവണ്ടികൾ ചൂളം വിളിച്ചുപോകുന്ന ദൃശ്യം കാമറകണ്ണുകൾക്കും പ്രിയപ്പെട്ടതാണ്.
ഉൗട്ടി മേട്ടുപ്പാളയം പാതയുടെ മിനിപതിപ്പെന്നു വിശേഷിപ്പിക്കാവുന്ന പാത വിനോദസഞ്ചാരികളുടെ മനംകവർന്ന റെയിൽ റൂട്ടാണ്. നഗരത്തിരക്കുകളിൽ നിന്നു മാറി ഗ്രാമകാഴ്ചകളിലൂടെ സഞ്ചരിക്കുന്ന തീവണ്ടി ചരിത്രഭൂമികയായ നിലന്പൂരിലെത്തുന്പോൾ കാഴ്ചകളുടെ കലവറയൊരുക്കി വയ്ക്കുന്നു.
ഷൊർണൂരിൽ നിന്ന് കുലുക്കല്ലൂർ വരെ പാലക്കാടൻ കാറ്റ് ആവോളം ആസ്വദിച്ചു കുന്തിപ്പുഴ കടക്കുന്നത് മലപ്പുറത്തിന്റെ ചരിത്രമുറങ്ങുന്ന മണ്ണിലേക്കാണ്. വള്ളുവനാടും ഏറനാടും ചരിത്രങ്ങളേറെ പറഞ്ഞ് പച്ചപ്പുകളിലൂടെ കൂകിപ്പായുന്നു.
നടപ്പാതകൾ, പുഴകൾ, പാടങ്ങൾ, കൊക്കുകളുടെ നീണ്ട നിര, മയിലുകൾ, പാടത്തെ വെള്ളക്കെട്ടിൽ കാൽപന്തുകളിക്കുന്ന കുരുന്നുകൾ, പേരാൽമരങ്ങൾ, തേക്കുമരങ്ങൾ എന്നിവ കാഴ്ചയുടെ സിംഫണി ഒരുക്കുന്നു. കുന്തിപ്പുഴ, ചാലിയാർ, വെള്ളിയാർപുഴ, ഒലിപ്പുഴ, വാണിയന്പലം പാറ എന്നിവയും കാഴ്ചയുടെ വിരുന്നൊരുക്കുന്നു.
തേക്ക് മരങ്ങളാണ് പാതയിലെ പ്രധാന ആകർഷണം. മണ്സൂണ് സമയങ്ങളിൽ ഷൊർണൂർനിലന്പൂർ പാത കാഴ്ചകളുടെ മഴത്തുള്ളികിലുക്കം ഒരുക്കും. മണ്സൂണ് വിരുന്നിനെ ട്രെയിൻ ജാലകത്തിലൂടെ ഒപ്പിയെടുക്കാം. ഇക്കോ ഫ്രണ്ട്ലി പാതയിൽ പ്രകൃതിയോട് പ്രണയവും പങ്കുവയ്ക്കാം. ശുദ്ധമായ വായുവും കാറ്റും അനുഭവവേദ്യമാക്കാം.
പാലക്കാട് ഡിവിഷന്റെ കീഴിലുള്ള പാത മലപ്പുറം ജില്ലയുടെ കിഴക്കൻ മേഖലയിലൂടെയാണ് കടന്നുപോകുന്നത്. കുലക്കല്ലൂരിനും ചെറുകരക്കും ഇടയിലുള്ള കുന്തിപ്പുഴയും പട്ടിക്കാടിനും മേലാറ്റൂരിനും ഇടയിലുള്ള കടലുണ്ടിയുടെ പോഷകനദിയായ വെള്ളിയാർ പുഴയും മേലാറ്റൂരിനും, തുവ്വൂരിനും ഇടയിലുള്ള കടലുണ്ടിയുടെ മറ്റൊരു പോഷകനദിയായ ഒലിപ്പുഴയും വാണിയന്പലത്തിനും നിലന്പൂർ റോഡിനു ഇടയിലുള്ള ചാലിയാറിന്റെ പോഷകനദിയായ കുതിരപ്പുഴയും യാത്രയിലെ കാഴ്ചകളാണ്.
നിലന്പൂർ ഷൊർണൂർ ലൈനിൽ വാണിയന്പലം, തൊടിയപ്പുലം, തുവ്വൂർ, മേലാറ്റൂർ, പട്ടിക്കാട്, അങ്ങാടിപ്പുറം, ചെറുകര, കുലുക്കല്ലൂർ, വല്ലപ്പുഴ, വാടാനകുറുശി എന്നിവയാണ് സ്റ്റേഷനുകൾ.
കാഴ്ചകളാൽ സന്പന്നം
പ്രകൃതി പാട്ടുപാടുന്ന കേരളാംകുണ്ട് വെള്ളച്ചാട്ടം, തേക്കുകൾ കഥപറയുന്ന കനോലിപ്ലോട്ട്, കാനനഭംഗിയിലലിഞ്ഞു നാടുകാണിചുരം, മലപ്പുറത്തിന്റെ കൊടുമുടിയായ ഉൗരകംമല, അങ്ങാടിപ്പുറം ശ്രീ തിരുമാന്ധാംകുന്ന് ക്ഷേത്രവും പൂരവും, വേട്ടയ്ക്കൊരു മകൻ ക്ഷേത്രവും നിലന്പൂർ പാട്ടുത്സവവും, മലബാറിന്റെ ആത്മീയസംഗമമായ ചുങ്കത്തറ മാർത്തോമ കണ്വൻഷൻ, മലപ്പുറം ഫുട്ബോൾ സെവൻസ് തട്ടകങ്ങൾ, തുള്ളിച്ചാടിയൊഴുകുന്ന ജലനിപാതങ്ങൾ, പൂങ്കുടി മന, സാഹസികടൂറിസവുമായി കൊടികുത്തിമല തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങൾ എത്തിപ്പെടുന്ന റെയിൽവേ സ്റ്റേഷനുകൾ നിലന്പൂർ- ഷൊർണൂർ പാതയിലാണ്.
കോഴിക്കോട് പാലക്കാട് ദേശീയപാതയിൽ പെരിന്തൽമണ്ണയിൽ നിന്നും മണ്ണാർക്കാട് പോകുന്ന വഴിയിൽ അമ്മിനിക്കാട് സ്റ്റോപ്പിൽ നിന്നും 4.5 കിലോമീറ്റർ സഞ്ചരിച്ചാൽ കൊടികുത്തിമലയിലെത്താം. 2100 അടി ഉയർന്നുനിൽക്കുന്ന ഈ മല പ്രകൃതി ദൃശ്യങ്ങളുടെ വിസ്മയക്കാഴ്കളുമായി വിനോദസഞ്ചാരികളെ ആകർഷിക്കുന്നു.
ഒൗഷധസസ്യങ്ങളുടെ കലവറ കൂടിയാണ് കൊടികുത്തി മല. പെരിന്തൽമണ്ണയിൽ നിന്നു നിലന്പൂർ ഉൗട്ടി റോഡിൽ 12 കിലോമീറ്റർ സഞ്ചരിച്ചാൽ പൂന്താനം ഇല്ലവും സന്ദർശിക്കാം. വാണിയന്പലം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയാൽ കരുവാരക്കുണ്ടിൽ പോയി കേരളാംകുണ്ട് വെള്ളച്ചാട്ടവും കാണാം.
സൈലന്റ് വാലിയുടെ ഭാഗമായ കേരളാംകുണ്ട് കാണാൻ ദൂരദേശങ്ങളിൽ നിന്നുപോലും ആളുകളെത്തുന്നു. കരുവാരക്കുണ്ടിൽ നിന്നും ഏഴു കിലോമീറ്റർ സഞ്ചരിച്ചാൽ കേരളാംകുണ്ടിലെത്താം. മിനി ഉൗട്ടിയെന്നാണ് വിശേഷണം. സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 2000 അടി ഉയരത്തിലാണ് ഈ പ്രദേശം.
ചരിത്രമുറങ്ങുന്ന പാത
88 വർഷം മുന്പാണ് പാതയിൽ ആദ്യമായി തീവണ്ടി ചൂളംവിളിച്ചെത്തുന്നത്. മലബാർ ലഹളയായിരുന്നു ഈ പാതയ്ക്കു പിന്നിലെ കാരണമെന്നാണ് ചരിത്രകാരൻമാരുടെ സാക്ഷ്യം. ലഹള അടിച്ചമർത്താനും പട്ടാളത്തെ എത്തിക്കാനും വനസന്പത്ത് കടത്താനും ഉപകാരപ്രദം എന്ന നിലയിലാണ് പാത ബ്രിട്ടീഷുകാർ സ്വപ്നം കാണുന്നത്. നിലന്പൂർ തേക്കും അവരെ മോഹിപ്പിച്ചു.
തേക്കുതടികൾ കൊണ്ടുപോകാൻ അങ്ങനെ ഒരു റെയിൽപാത യാഥാർഥ്യമായി. 1927ൽ ആണ് പാത നിലവിൽ വന്നത്. മലബാർ കലാപം കഴിഞ്ഞ് അഞ്ചുവർഷം കഴിഞ്ഞ് മൂന്നുഘട്ടങ്ങളിലായാണ് ഇത് യാഥാർഥ്യമായത്. അങ്ങനെ നിലന്പൂരിൽ നിന്ന് ഷൊർണൂരിലേക്ക് ട്രെയിൻ ഓടിതുടങ്ങി.
രണ്ടാം ലോകമാഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ഇരുന്പ് കിട്ടാക്കനിയായ കാലം. ആയുധങ്ങൾക്കായി ഇരുന്പ് ഏറെ വേണ്ടി വന്നു. ഇന്ത്യയിൽ നിന്ന് പരമാവധി കടത്തി. എന്തിന് നിലന്പൂരിലെ ഇരുന്പ് പാളങ്ങളും കൊണ്ടുപോയി.
നീണ്ട ഇടവേളക്ക് ശേഷം നിലന്പൂരിലേക്ക് റയിൽപാത വേണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു. കുടിയേറ്റത്തിന്റെ ചൂടും ചൂരും നിറഞ്ഞ കാലത്ത് നിലന്പൂരിലേക്ക് റയിൽപാത വേണമെന്ന് ജനങ്ങൾ മുറവിളി കൂട്ടുകയായിരുന്നു.
മുറവിളിക്ക് ഒടുവിൽ വീണ്ടും 1954ൽ ഷൊർണൂരിൽ നിന്നും നിലന്പൂരിലേക്ക് തീവണ്ടി കൂകിപ്പാഞ്ഞെത്തി. ബ്രിട്ടീഷുകാരുടെ കാലത്ത് പാളം നിർമാണ ജോലികൾ പൂർത്തിയാക്കിയത് കേവലം മൂന്ന് വർഷം കൊണ്ടായിരുന്നു. 97 കിലോമീറ്റർ നീളത്തിൽ അഞ്ച് പാലങ്ങളുടെ നിർമാണമടക്കം പാതയുടെ പണി പൂർത്തിയാക്കിയത് വെറും മൂന്ന് വർഷം കൊണ്ടാണ്.
സാങ്കേതികവിദ്യ വികസിക്കാത്ത കാലത്തായിരുന്നു അത്. മലബാർ കലാപത്തിൽ റോഡുകൾ തകർക്കപ്പെട്ടപ്പോൾ പട്ടാളത്തിന് സഞ്ചരിക്കാൻ ഒരു പകരം വഴി എന്നരീതിയിൽ മുൻകൂട്ടിക്കണ്ടാണ് നിലന്പൂർ ഷൊർണൂർ ലൈൻ നിർമിച്ചതെന്ന് ചരിത്രകാരൻമാർ പറയുന്നു.
അതല്ല മരം,മുള മുതലായവ കൊണ്ടുപോകാനാണെന്ന് മറ്റൊരു വാദവുമുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഈ പാത അഴിച്ചുകൊണ്ടുപോയി. ഇരുന്പിന്റെ ആവശ്യാർഥം പാളങ്ങൾ കപ്പൽ കയറ്റി കൊണ്ടുപോവുകയാണുണ്ടായത്. യമൻ എന്നുപേരുള്ള ആ കപ്പൽ യാത്രമധ്യേ മുങ്ങിപ്പോയി.
ഈ പാതയുടെ നിർമാണ പ്രവർത്തി ആരംഭിക്കുന്നതിന് മുന്പ് തന്നെ മൈസൂരിലേക്ക് ഈ വഴി പാതയുണ്ടാക്കുന്നതിനെകുറിച്ച് അവർ ആലോചിച്ചിരുന്നു. അതാണിപ്പോൾ നിലന്പൂർ നഞ്ചൻഗോഡ് പാതയായി ആലോചിക്കുന്നത്.
തിരക്ക് കുറഞ്ഞ സമയത്ത് ഷൊർണൂർനിലന്പൂർ പാത മലയാള സിനിമയുടെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷനായിരുന്നു. ഈ റൂട്ടിൽ തിരക്ക് കുറവായതിനാൽ ട്രെയിൻരംഗങ്ങൾ ഇവിടെയാണ് ഷൂട്ട് ചെയ്തിരുന്നത്. ഉണ്ട, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, നാദിയ കൊല്ലപ്പെട്ട രാത്രി,നന്പർ ട്വന്റി മദ്രാസ് മെയിൽ തുടങ്ങിയ സിനിമകളുടെ ലൊക്കേഷൻ ഈ പാതയിലായിരുന്നു.
എഴുപതുകളിലെയും എണ്പതുകളിലെയും ചില സിനിമകൾക്കും ഈ പാത ലൊക്കേഷനായിട്ടുണ്ട്. പിന്നെയും പിന്നെയും എന്ന സൂപ്പർഹിറ്റ് ഗാനത്തിന്റെ പശ്ചാത്തലമൊരുക്കിയത് അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനായിരുന്നു.
കമൽ സംവിധാനം ചെയ്തു ജയറാമും ബിജുമേനോനും മഞ്ജുവാര്യരും അഭിനയിച്ച കൃഷ്ണഗുഡിയിൽ എന്ന സിനിമ പ്രേക്ഷകപ്രീതി നേടിയ സിനിമയാണ്. വിദ്യാസാഗർ സംഗീതസംവിധാനം ചെയ്ത ചിത്രത്തിലെ ഗാനങ്ങളും അതിമനോഹരമായിരുന്നു.
തീവണ്ടിയും റെയിൽവേ സ്റ്റേഷനും കഥാപാത്രങ്ങളായ സിനിമയിൽ ഷൊർണൂർനിലന്പൂർ റെയിൽപാതയിലെ കാഴ്ചകളും സിനിമയ്ക്കും ഗാനരംഗങ്ങൾക്കും മിഴിവേകി. ഹരിതദൃശ്യങ്ങളുടെ താഴ്വരയിലുള്ള നിലന്പൂർ- ഷൊർണൂർ പാത അങ്ങനെ താരത്തിളക്കവും സ്വന്തമാക്കി.
സിനിമയിലെ പിന്നെയും പിന്നെയും ആരോ കിനാവിന്റെ എന്ന സൂപ്പർഹിറ്റ് ഗാനത്തിനൊപ്പം ട്രെയിൻ ദൃശ്യങ്ങളും മനസിൽ ചൂളം വിളിച്ചെത്തും. പാതയുടെ മനോഹാരിത തന്നെയാണ് സംവിധായകൻ കമലിനെ, കൃഷ്ണഗുഡിയെ അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ പുനഃസൃഷ്ടിക്കാൻ പ്രേരണയായത്.
രഞ്ജിത് ജോണ്