മലപ്പുറം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വീടിനു പുറത്തിറങ്ങുന്പോൾ മാസ്ക് ധരിക്കണമെന്ന കർശന നിർദേശം പാലിക്കാത്തവരുടെ എണ്ണം കൂടുന്നു.
ജില്ലയിൽ ഇന്നലെ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ 451 പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ദിവസംതോറും കേസുകളുടെ എണ്ണം വർധിക്കുകയാണ്.
കോവിഡ്- 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിനു ജില്ലയിൽ പോലീസ് 13 കേസുകൾ കൂടി ഇന്നലെ രജിസ്റ്റർ ചെയ്തതായി ജില്ലാ പോലീസ് മേധാവി യു. അബ്ദുൾ കരീം അറിയിച്ചു.
വിവിധ സ്റ്റേഷനുകളിലായി 14 പേരെ ഇന്നലെ അറസ്റ്റു ചെയ്തു. നിർദേശങ്ങൾ ലംഘിച്ച് നിരത്തിലിറക്കിയ 11 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിനു രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 4,298 ആയി. 5,284 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്.
ജില്ലയിലാകെ ഇതുവരെ 2,521 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
മാസ്ക് ധരിക്കാതെ വീടുകളിൽ നിന്നു പുറത്തിറങ്ങിയതിന് 451 പേർക്കെതിരെ ഇന്നലെ പോലീസ് കേസെടുത്ത് പിഴ ഈടാക്കി.
മാസ്ക് ധരിക്കണമെന്ന ഉത്തരവ് ലംഘിക്കുന്നവർക്കും മറ്റു ആരോഗ്യ ജാഗ്രതാ നിർദേശങ്ങൾ ലംഘിക്കുന്നവർക്കുമെതിരെ പോലീസ് കർശന നിയമ നടപടികൾ സ്വീകരിച്ചു വരികയാണ്.