കിഴക്കമ്പലം: പട്ടിമറ്റത്ത് പ്ലൈവുഡ് കമ്പനിയുടെ പുകക്കുഴലിനുള്ളിൽ കത്തിക്കരിഞ്ഞനിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ജെ.ജെ. പ്ലൈവുഡ് കമ്പനിയിൽ ഇന്നലെ രാവിലെ 6.30 ഓടെ പുകക്കുഴലിന്റെ അടിയിലുള്ള ഡിസ്ചാർജ് പോർഷൻ വൃത്തിയാക്കുന്നതിനിടെ തൊഴിലാളികളാണു മൃതദേഹം കണ്ടത്. പെരുമ്പാവൂർ സ്വദേശി ജിജുവിന്റെ ഉടമസ്ഥതയിലുള്ളതാണു കന്പനി.
ആളെ തിരിച്ചറിയാനാകാത്ത വിധം മൃതദേഹം കത്തിക്കരിഞ്ഞനിലയിലാണ്. 50 മീറ്ററോളം ഉയരമുള്ള പുകക്കുഴലിനുള്ളിൽ എങ്ങനെ മൃതദേഹം വന്നെന്നു വ്യക്തമല്ല.
താഴെനിന്നു ചാരം എടുക്കാനുള്ള ചെറിയ ദ്വാരം മാത്രമേയുള്ളൂ. ഇതിലൂടെ ഒരു മനുഷ്യശരീരം കടത്താനാകില്ലെന്നു പോലീസ് പറയുന്നു. കൊലപാതകമാണെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം.
20നും 50 പ്രായമുള്ള പുരുഷന്റേതാണ് മൃതദേഹമെന്നും, ഇതിന് രണ്ടു മാസത്തെ പഴക്കമുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്.
എന്നാൽ മരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ആന്തര അവയവങ്ങളുടെ വിശദ പരിശോധനയ്ക്കു ശേഷമേ പറയാനാകൂവെന്ന് ആലുവ റൂറൽ എസ്പി കെ. കാർത്തിക് പറഞ്ഞു.
പോലീസ്, ഫോറൻസിക് വിഭാഗങ്ങൾ സ്ഥലത്തെത്തി പരിശോധന നടത്തി. കമ്പനിയിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.
കമ്പനിയിൽ തൊഴിൽ ചെയ്യുന്ന ആരെയും കാണാതായതായി അറിവില്ലെന്നു കമ്പനി ഉടമ പറഞ്ഞു. പെരുമ്പാവൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘമാണ് കേസ് അന്വേഷിക്കുക.