തിരുവില്വാമല: നിലവിളി കേട്ടെത്തിയ പന്പ് ഓപ്പറേറ്ററുടെ അവസരോചിതമായ ഇടപെടൽ മൂലം ഗായത്രി പുഴയിൽ മുങ്ങിത്താണ മൂന്നു ജീവനുകൾ രക്ഷിച്ചു.
പുഴയിലകപ്പെട്ട സ്ത്രീയെയും രണ്ടുകുട്ടികളെയുമാണു ജല അഥോറിറ്റി പാറക്കടവ് പന്പ് ഹൗസ് ഓപ്പറേറ്റർ ഹരീഷ് (23) രക്ഷിച്ചത്. വസ്ത്രമലക്കാനും കുളിക്കാനും പുഴക്കരയിലെത്തിയ മാണിയങ്ങോട്ട് കോളനിയിൽ പ്രമീള (35) കാൽ വഴുതി പുഴയിലേക്കു വീഴുകയായിരുന്നു.
ഇതുകണ്ട സമീപത്തു നിന്നിരുന്ന പന്ത്രണ്ടുകാരനായ ജിഷ്ണു കൃഷ്ണകുമാർ പ്രമീളയുടെ മുടിയിൽ പിടിച്ചു രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പ്രമീളയോടൊപ്പം ജിഷ്ണുവും പുഴയിൽ മുങ്ങുകയായിരുന്നു.
പ്രമീളയുടെ ബന്ധു സൺജയ് (14) പുഴയിലേക്കിറങ്ങി ഇവരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സൺജയുടെ നിലവിളി കേട്ടാണു ഹരീഷ് ഓടിയെത്തിയത്. വെള്ളത്തിൽ താഴ്ന്നു പോയ സൺജയയെ കരയ്ക്കുകയറ്റി.
പിന്നീട് ഒരുകൈ ഉയർന്നു പൊങ്ങുന്നുതു കണ്ടതോടെ വീണ്ടും പുഴയിലേക്കു ചാടി ജിഷ്ണുവിനെയും പ്രമീളയെയും രക്ഷിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി സുഖം പ്രാപിച്ചു വരുന്നു. പന്പ് ഹൗസിലെ താത്കാലിക ജീവനക്കാരനായ ഹരീഷ് മായന്നൂർ സ്വദേശിയാണ്.