സ്വന്തം ലേഖകൻ
തൃശൂർ: റംസാനു തലേന്ന് ഇറച്ചിക്കു പൊരിച്ചാലും വേവാത്ത വില. കത്തിക്കയറിയ വിലയിൽ ജില്ലാ കളക്ടർ ഒടുവിൽ വെള്ളമൊഴിച്ചു. അനുദിനം വർധിച്ചുവന്ന വില ഏകീകരിച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവിറക്കി.
കളക്ടർ നിശ്ചയിച്ച വിലനിലവാരം ( കിലോയ്ക്ക്) ഇങ്ങനെ: കോഴി ജീവനോടെ -150 രൂപ, കോഴി ഇറച്ചി -210, കാളയിറച്ചി -320, പോത്തിറച്ചി – 340, ആട്ടിറച്ചി – 620.
ജില്ലാ കളക്ടറുടെ ഉത്തരവനുസരിച്ച് ജില്ലയിലെ വിവിധ മാർക്കറ്റുകളിൽ മാത്രമല്ല മാളുകളിലും സൂപ്പർമാർക്കറ്റുകളിലും ഇറച്ചി വില ഏകീരിച്ചിട്ടുണ്ട്.
ലോക്ക്ഡൗണിനുശേഷം പോത്തിറച്ചിക്കും മാട്ടിറച്ചിക്കും ക്ഷാമമായതോടെ വൻതോതിൽ വില വർധിപ്പിച്ചിരുന്നു. ഇതര സംസ്ഥാനങ്ങളിൽനിന്ന് വാഹനങ്ങളിൽ പോത്തുകളേയും കാളകളേയും കൊണ്ടുവരാനാകാത്തതിനാലാണു ക്ഷാമം നേരിട്ടത്.
ചിലയിടത്ത് 360 രൂപവരെയെത്തിയിരുന്നു.ലോക്ക്ഡൗണ്‍ ആരംഭിച്ച അവസരത്തിൽ പക്ഷിപ്പനി ഭീതിയിൽ കിലോയ്ക്ക് 30 രൂപവയ്ക്കുവരെ വിറ്റിരുന്ന ഇറച്ചിക്കോഴിക്ക് അഞ്ചു ദിവസമായി 156 രൂപയായിരുന്നു വില. രണ്ടു ദിവസമായി ഇത് 160 രൂപയായി വർധിച്ചു.
റംസാന് ഡിമാൻഡു വർധിച്ചതോടെ വീണ്ടും വില കൂടുമെന്ന സൂചന ലഭിച്ചതോടെയാണ് ഇറച്ചിക്കോഴിക്കു കിലോയ്ക്കു 150 രൂപയായി നിജപ്പെടുത്തിയത്.
പരാതികളുടെ അടിസ്ഥാനത്തിൽ ജില്ലയിലെ ഇറച്ചി വ്യാപാരികൾ, കോഴിക്കച്ചവടക്കാർ എന്നിവരുടെ സംഘടനാ പ്രതിനിധികളുമായി ജില്ലാ കളക്ടർ എസ്. ഷാനവാസ് ചർച്ച നടത്തിയിരുന്നു.
വില വിവരം എല്ലാ കടകളിലും പൊതുജനങ്ങൾ കാണുന്നവിധത്തിൽ പ്രദർശിപ്പിക്കണം. വിലകൂട്ടി വിൽക്കുന്നവർക്കെതിരേ കേസെടുക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.