തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടർന്ന് മാറ്റി വച്ച അവശേഷിക്കുന്ന എസ്എസ്എൽസി, വെക്കേഷണൽ ഹയർസെക്കന്ററി, പ്ലസ് ടു പരീക്ഷകൾ നാളെ മുതൽ ആരംഭിക്കും. പരീക്ഷ പുനരാരംഭിക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്ത് പരീക്ഷ നടക്കുന്ന എല്ലാ സ്കൂളുകളും കഴിഞ്ഞ ദിവസം തുറന്ന് അണുവിമുക്തമാക്കിയിരിക്കുന്നു.
വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ചാണ് പരീക്ഷ നടത്തിപ്പിന് വേണ്ട ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നത്. 13 ലക്ഷത്തിൽപ്പരം കുട്ടികളാണ് പരീക്ഷയെഴുതുന്നത്. ഒരു ക്ലാസിൽ 20 വിദ്യാർത്ഥികളെയാണ് പരീക്ഷയ്ക്ക് വേണ്ടി ഹാളിൽ പ്രവേശിപ്പിക്കുന്നത്.
മാസ്ക് , സാനിറ്റൈസർ ഉൾപ്പെടെയുള്ള സാധന സാമഗ്രികളും പരീക്ഷാ ഹാളിൽ കയറുന്നതിന് മുൻപ് കുട്ടികൾക്ക് ലഭ്യമാക്കാൻ വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പരീക്ഷ എഴുതാനായി സ്കൂളുകളിൽ എത്താൻ സ്കുൾ അധികൃതരും പിടിഎയും കുട്ടികൾക്ക് വേണ്ടി വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
സാമൂഹ്യ അകലം പാലിച്ച് കൊണ്ട് സർക്കാർ നിർദേശിച്ചിട്ടുള്ള കോവിഡ് പ്രോട്ടോക്കോൾ പ്രകാരമാണ് പരീക്ഷ നടത്തിപ്പിന് വേണ്ട ഒരുക്കങ്ങൾ ചെയ്തിരിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ആരോഗ്യവിഭാഗം, റവന്യു അധികൃതർ , പോലീസ് എന്നിവർ സംയുക്തമായാണ് പരീക്ഷയ്ക്കെത്തുന്ന കുട്ടികൾക്ക് വേണ്ട സുരക്ഷാ കാര്യങ്ങൾ ഒരുക്കുന്നത്.