ബാലതാരമായി സിനിമയിലെത്തി നായികയായി മാറിയ താരമാണ് നസ്രിയ. നടൻ ഫഹദ് ഫാസിലുമായുള്ള വിവാഹത്തോടെ അഭിനയത്തിൽ നിന്നു ചെറിയൊരു ഇടവേളയെടുത്ത നസ്രിയ, പിന്നീട് അഞ്ജലി മേനോൻ ഒരുക്കിയ കൂടെ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവന്നത്.
ഭർത്താവ് ഫഹദിനൊപ്പം അഭിനയിച്ച ട്രാൻസ് ആണ് നസ്രിയ അഭിനയിച്ച ഏറ്റവും ഒടുവിലെ ചിത്രം. 2014 ൽ നടന്ന ഫഹദുമായുള്ള വിവാഹശേഷം, കഴിഞ്ഞ ആറുവർഷത്തിനിടെ കേവലം രണ്ട് ചിത്രങ്ങളിൽ മാത്രമാണ് നസ്രിയ അഭിനയിച്ചത്. എങ്കിലും നസ്രിയയുടെ താരപദവിക്ക് ഇപ്പോഴും ഒരു കോട്ടവും സംഭവിച്ചിട്ടില്ല.
ഇപ്പോഴിതാ, പ്രേക്ഷകരുടെ ഒരു പ്രധാന ചോദ്യത്തിനു മറുപടി നൽകിയിരിക്കുകയാണ് നസ്രിയ. എന്തുകൊണ്ട് തുടരെത്തുടരെ ചിത്രങ്ങൾ ചെയ്യുന്നില്ല എന്ന ചോദ്യത്തിന്, സ്വതസിദ്ധമായ നിഷ്കളങ്ക ചിരിയോടുകൂടി മറുപടി നൽകിയിരിക്കുകയാണ് നസ്രിയ.
എല്ലാവരും ചോദിക്കാറുണ്ട് ഇത്രയും നാൾ അഭിനയിച്ചു നടന്നിട്ട് വെറുതേ വീട്ടിൽ ഇരുന്നപ്പോൾ ബോറടിച്ചില്ലേയെന്ന്, ഒരിക്കലുമില്ല, സത്യം പറഞ്ഞാൽ, വെറുതെ ഇരിക്കാൻ നല്ല രസമാണ്- നസ്രിയ പറഞ്ഞു. ഫഹദുമായുള്ള വിവാഹ ശേഷം, ഞങ്ങൾ രണ്ടുപേരും സിനിമയിൽ നിന്നും ഒരു വർഷത്തോളം ബ്രേക്ക് എടുത്തിരുന്നു.
ഒരുപാട് യാത്രകൾ ചെയ്തു. പിന്നീട്, ഞാൻ ഞങ്ങളുടെ വീട് സെറ്റ് ചെയ്യുന്നതിന്റെ തിരക്കുകളിൽ മുഴുകി. ഇതിനിടയിൽ സാധാരണ എല്ലാ പെണ്കുട്ടികളും ചെയ്യുന്ന കാര്യങ്ങളൊക്കെ ഞാനും ചെയ്തു കൊണ്ടിരുന്നു. വീണ്ടും അഭിനയിക്കാൻ എന്നെ ഏറ്റവുമധികം പ്രോത്സാഹിപ്പിച്ചത് ഫഹദ് തന്നെയാണ്.
ഞാൻ അഭിനയിക്കാതിരുന്നാലോ, റൊമാന്റിക് റോളുകൾ ചെയ്യാതിരുന്നാലോ ഫഹദ് പറഞ്ഞിട്ടാണെന്ന് തെറ്റിദ്ധരിക്കപ്പെടുമോയെന്ന സംശയം ഫഹദിനുണ്ടായിരുന്നു. നല്ല കഥകൾ വന്നാൽ തുടർന്നും അഭിനയിക്കും. എന്നാൽ, കഥ കേൾക്കുന്പോൾ എനിക്കൊരു ഫീൽ കിട്ടണം.
ആ ഫീലിനെ വിശ്വസിച്ചാണ് ഞാൻ തീരുമാനമെടുക്കുക. ചിലപ്പോൾ അടുത്ത നാലു വർഷത്തിന് ശേഷമാകും ഞാൻ വീണ്ടും അഭിനയിക്കുന്നത്. ഒരു തിരക്കുമില്ല, പണത്തിനും പ്രശസ്തിക്കും വേണ്ടി മാത്രമല്ലല്ലോ സിനിമ ചെയ്യുന്നത്- നസ്രിയ പറഞ്ഞു.