തിരുവട്ടാർ: ‘ആത്മവിദ്യാലയമേ എന്ന ഗാനം കേൾക്കാത്ത അതിന്റെ മധുരം നുണയാത്ത മലയാളികൾ ഇല്ല. ആ ഗാനം പാടിയ , മധുരവും ഭാവതീവ്രവുമായ ഗാനങ്ങളാൽ ഒരു തലമുറയുടെ അനശ്വരഗായകനായി മാറിയ കമുകറ പുരുഷോത്തമന്റെ ഓർമയ്ക്ക് കാൽനൂറ്റാണ്ട്.
മലയാള ചലച്ചിത്രലോകം ഒരിക്കലും മറക്കാത്ത നിരവധി ഗാനങ്ങൾ ബാക്കിവെച്ച് 1995 മേയ് 25നാണ് കമുകറ അന്ത്യയാത്രയായത്. തലമുറ ഏറ്റുവാങ്ങിയ ആ ഗാനങ്ങളിലൂടെ ആസ്വാദകരുടെ മനസ്സിൽ കമുകറ ഇന്നും ജീവിക്കുന്നു.
16ാം വയസ്സിൽ യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുമ്പോൾ തിരുവനന്തപുരം പ്രക്ഷേപണ നിലയത്തിൽ ലളിതഗാനം പാടിക്കൊണ്ടായിരുന്നു തുടക്കം. ആകാശവാണി ആരംഭിച്ചതു മുതൽ വിവിധ നിലയങ്ങളിലായി 3500 ലധികം ലളിതഗാനങ്ങൾ കമുകറ പാടിയിട്ടുണ്ട്.
1953 ൽ മെരിലാന്റിന്റെ ‘പൊൻകതിർ’ എന്ന സിനിമയിലാണ് ആദ്യം പാടിയത്. 1972 വരെ മെരിലാന്റിന്റെ അധികം ചിത്രങ്ങളിലും കമുകറയുടെ പാട്ടുകളുണ്ടായിരുന്നു. തിരുനയിനാർ കുറിച്ചി മാധവൻനായരുടെ വരികളും ബ്രദർ ലക്ഷ്മണന്റെ സംഗീതവും കമുകറയുടെ ഭാവബന്ധുരമായ നാദവും ചേർന്നപ്പോൾ മലയാള ഗാനശാഖയ്ക്കു ലഭിച്ചത് ഓർമിക്കാവുന്ന ഒരുപിടി നല്ല പാട്ടുകളായിരുന്നു
. 1955ൽ പുറത്തിറങ്ങിയ ‘ഹരിശ്ചന്ദ്ര’യിലെ ‘ആത്മവിദ്യാലയമേ’ എന്ന ഗാനത്തോടെ കമുകറ പ്രശസ്തനായി. ഈശ്വരചിന്തയിതൊന്നേ, സംഗീതമീ ജീവിതം, തുമ്പപ്പൂ പെയ്യണ പൂനിലാവേ, മറ്റൊരു സീതയെ, ഏകാന്തതയുടെ അപാരതീരം, ഗംഗാ യമുനാ സംഗമ സമതല ഭൂമി, പൂവിനു മണമില്ല, മാതളമലരെ, മധുരിക്കും ഓർമകളെ എന്നിവ കമുകറയുടെ മറ്റ് അനശ്വരഗാനങ്ങളാണ്.
ആലാപനത്തിന് തലമുറയുടെ വ്യത്യാസമില്ലെന്ന് ‘ആരോരുമറിയാതെ’ എന്ന ചിത്രത്തിന് കാവാലം രചിച്ച ‘ആ ചാമരം’ എന്ന ഗാനത്തിലൂടെ അദ്ദേഹം തെളിയിച്ചു. വിവിധ ഭാഷകളിലായി 125 സിനിമകളിൽ 1500 ഓളം ഗാനങ്ങൾ കമുകറയുടേതായുണ്ട്. 25000 ലേറെ വേദികളിൽ അദ്ദേഹം കച്ചേരിയും ഗാനമേളയും അവതരിപ്പിച്ചു.
90 മുതൽ ആദ്യകാല ഗായകരുമായി അദ്ദേഹം നയിച്ച ഓൾഡ് ഈസ് ഗോൾഡ് എന്ന ട്രൂപ്പ് വിദേശത്തും നിരവധി ഗാനമേളകൾ അവതരിപ്പിച്ചു. തിരുവട്ടാറിൽ അച്ഛൻ പരമേശ്വരക്കുറുപ്പ് സ്ഥാപിച്ച ഹയർസെക്കൻഡറി സ്കൂളിലെ ഹെഡ്മാസ്റ്ററായാണ് അദ്ദേഹം വിരമിച്ചത്. പിന്നണി ഗായകനെന്ന പ്രശസ്തി നേടിയപ്പൊഴും നാട്ടുകാർക്ക് അദ്ദേഹം കുറുപ്പു സാറായിരുന്നു.
തമിഴ്നാട് സർക്കാറിന്റെ മികച്ച അധ്യാപകനുള്ള അവാർഡും കമുകറയ്ക്ക് ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം അമ്പലംമുക്കിൽ കമുകറ സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡാൻസ് എന്ന സ്ഥാപനം പ്രവർത്തിക്കുന്നുണ്ട്.
അദ്ദേഹത്തിന്റെ സ്മരണാർഥം കമുകറ ഫൗണ്ടേഷൻ എല്ലാ വർഷവും സംഗീതരംഗത്തെ പ്രമുഖർക്ക് അവാർഡും നൽകുന്നു. കഴിഞ്ഞ മാർച്ചിലായിരുന്നു കമുകറയുടെ നവതി ആഘോഷം.
സംഗീതജ്ഞയായ ഡോ. ലീലാ ഓംചേരി സഹോദരിയാണ്. ഭാര്യ രമണി പുരുഷോത്തമൻ തിരുവട്ടാർ കേശവപുരത്തെ തറവാട്ടിൽ താമസിക്കുന്നു. മക്കളായ കമുകറ ശ്രീകുമാർ (പഞ്ചാബ് നാഷണൽ ബാങ്കിലെ റിട്ട. ഉദ്യോഗസ്ഥൻ), ഡോ. ശ്രീലേഖ (കേരള കലാമണ്ഡലം സംഗീതവിഭാഗം ഡീൻ) എന്നിവർ സംഗീതത്തിൽ അച്ഛന്റെ പാത പിന്തുടരുന്നവരാണ്. ശ്രീകല, ശ്രീഹരി (ബിസിനസ്, കൊച്ചി) എന്നിവർ മറ്റ് മക്കളാണ്