പത്തനംതിട്ട: സമീപദിവസങ്ങളില്‍ ജില്ലയില്‍ കോവിഡ് പോസിറ്റീവ് രോഗികളുടെ എണ്ണം കൂടിയാല്‍ കോവിഡ് ഒന്നാംനിര ആരോഗ്യ കേന്ദ്രങ്ങളിലേക്കു മാറ്റും. റാന്നി മേനാംതോട്ടം ആശുപത്രി മാത്രമാണ് നിലവില്‍ ഇത്തരത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. അടഞ്ഞുകിടക്കുന്ന സ്വകാര്യ ആശുപത്രികള്‍ ഇത്തരം ആവശ്യത്തിനായി സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്.
മേനാംതോട്ടം ആശുപത്രിയിലേക്ക് നാല് ഡോക്ടര്‍മാര്‍ അടക്കം സജ്ജീകരണങ്ങളും നല്‍കിയിട്ടുണ്ട്.നിലവില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രി മാത്രമാണ് കോവിഡ് ആശുപത്രിയായി മാറ്റിയിരിക്കുന്നത്. അവിടെ തിരക്ക് വര്‍ധിച്ചാല്‍ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലേക്ക് ആളുകളെ മാറ്റും.
വെന്റിലേറ്റര്‍ സൗകര്യത്തോടെയുള്ള ചികിത്സ ഈ രണ്ട് ആശുപത്രികളിലും സജ്ജമാക്കും. ഒന്നാംനിര ചികിത്സാ കേന്ദ്രങ്ങളില്‍ മറ്റ് ശാരീരിക ബുദ്ധിമുട്ടുകളില്ലാത്ത കോവിഡ് രോഗികളെ മാറ്റാനാണ് തീരുമാനം.
നിലവില്‍ പത്തനംതിട്ടയില്‍ ചികിത്സയില്‍ കഴിയുന്ന 13 പേരില്‍ പത്തുപേരും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ്.
രണ്ടുപേരെ കഴിഞ്ഞദിവസം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. മറ്റൊരാള്‍ നേരത്തെ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ്. ഇന്നലെ മൂന്നുപേര്‍ക്കും ഞായറാഴ്ച രണ്ടുപേര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരെല്ലാം വിദേശത്തുനിന്നു വന്നവരാണ്.
രോഗവ്യാപനത്തിന്റെ മൂന്നാംഘട്ടത്തില്‍ കഴിഞ്ഞ 12 മുതല്‍ പത്തനംതിട്ട ജില്ലയില്‍ രോഗം സ്ഥിരീകരിച്ച 11 പേരും വിദേശത്തുനിന്നു വന്നവരാണ്. രണ്ടുപേര്‍ മുംബൈയില്‍ നിന്നെത്തിയവരും. ഇവരെല്ലാം തന്നെ വീടുകളിലോ കോവിഡ് കെയര്‍ സെന്ററുകളിലോ നിരീക്ഷണത്തിലായിരുന്നതിനാല്‍ സമ്പര്‍ക്കമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ 20 ന് കുവൈറ്റില്‍ നിന്ന് എത്തിയ കിടങ്ങന്നൂര്‍ സ്വദേശിയായ 31 കാരിയായ നഴ്സ്, 18ന് അബുദാബിയില്‍ നിന്നെത്തിയ പയ്യാനാമണ്‍ സ്വദേശിയായ 52 കാരന്, 18ന് അബുദാബിയില്‍ നിന്നെത്തിയ കുറ്റൂര്‍ സ്വദേശിയായ 42കാരന് എന്നിവരാണ് ഇന്നലെ പോസിറ്റീവായത്. ഇതില്‍ കിടങ്ങന്നൂര്‍ സ്വദേശിയായ നഴ്സ് ഗര്‍ഭിണിയാണ്.
പയ്യനാമണ്‍ സ്വദേശി അടൂര്‍ ജനറല്‍ ആശുപത്രിയില്‍ നേരത്തെ തന്നെ ഐസൊലേഷനിലായിരുന്നു. കുറ്റൂര്‍ സ്വദേശി കോവിഡ് കെയര്‍ കേന്ദ്രത്തിലായിരുന്നു. നേരത്തെ രോഗം സ്ഥിരീകരിച്ച 17 പേരും ആശുപത്രി വിട്ടിരുന്നു. ഇവരുള്‍പ്പെടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 30 ആയി.