സ്വന്തം ലേഖകന്‍
അങ്കമാലി: വേനല്‍മഴ ആരംഭിച്ചതോടെ പാമ്പു കടിയേറ്റു ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. മാളങ്ങളില്‍ വെള്ളം കയറുന്നതിനെതുടര്ന്നാണ് പാമ്പുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നതെന്നു വിഷചികിത്സാ വിദഗ്ധര്‍ പറയുന്നു.
സംസ്ഥാനത്തെ പ്രമുഖ വിഷ ചികിത്സാ, ഗവേഷണ കേന്ദ്രം കൂടിയായ അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലെ വിഷ ചികിത്സ വിഭാഗത്തില്‍ കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പാമ്പു കടിയേറ്റു ചികിത്സയ്ക്കായെത്തിയത് 65ലധികം പേരാണെന്ന് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കളപ്പുരയ്ക്കല്‍ പറഞ്ഞു. ഇതില്‍ പത്തോളം പേരെ വിഷ ചികിത്സാ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
വേനല്‍ക്കാലത്ത് പാമ്പുകളുടെ വിഷത്തിന് വീര്യം കൂടുന്നത് പാമ്പു കടി ഏല്‍ക്കുന്നവരുടെ നില കൂടുതല്‍ സങ്കീര്ണമാക്കുമെന്നു എല്‍എഫിലെ സീനിയര്‍ ഫിസിഷ്യനും നെഫ്രോളജിസ്റ്റുമായ വിഷ ചികിത്സാ വിദഗ്ധന്‍ ഡോ. ജോസഫ് കെ. ജോസഫ് പറഞ്ഞു.
ഭൂരിഭാഗം പേര്‍ക്കും അണലിയുടെ കടിയാണ് ഏല്‍ക്കുന്നത്. അണലി കടിച്ചാല്‍ വൃക്കയുടെ പ്രവര്‍ത്തനമാണ് ആദ്യം തകരാറിലാകുക. പാമ്പിന്റെ കുഞ്ഞുങ്ങള്‍ കടിച്ചാലും വിഷത്തിന്റെ അളവില്‍ യാതൊരു കുറവും ഉണ്ടാകില്ല.
ഈ വിഷത്തിനു താരതമ്യേന തീവ്രത കുടുതലാണ്. അണലി പാമ്പിന്റെ സാന്നിധ്യം കൂടുതൽ എറണാകുളം, തൃശൂര്‍, പാലക്കാട്, ആലപ്പുഴ, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലാണ്. അണലിക്ക് ഒറ്റ പ്രസവത്തില്‍ 50 – 60 കുഞ്ഞുങ്ങള്‍ വരെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.