പത്തനംതിട്ട: കിടപ്പുമുറിയിൽ മൂർഖൻ പാന്പിന്റെ കടിയേറ്റു മരിച്ച ഉത്രയുടെ ഒന്നരവയസുള്ള കുഞ്ഞിനെ അടൂരിൽ ഭർത്താവ് സൂരജിന്റെ വീട്ടിൽ നിന്ന് പോലീസ് ഏറ്റെടുത്ത് ഉത്രയുടെ മാതാപിതാക്കൾ ക്കു കൈമാറി. കൊല്ലംജില്ലാ ചെൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദേശ പ്രകാരമാണ് കുഞ്ഞിനെ കൈമാറിയത് .
ഇന്നു രാവിലെയാണ് അഞ്ചൽ പോലീസ് അടൂർ പോലീസ് സ്റ്റേഷനിലെത്തിയശേഷം അടൂർ പറക്കോട്ട് സൂരജിന്റെ വീട്ടിലെത്തിയത്. ഇന്നലെ സിഡബ്ല്യുസിയുടെ ഉത്തരവ് ലഭിച്ചയുടൻ ഉത്രയുടെ പിതാവുമായി പോലീസ് ബന്ധപ്പെട്ടിരുന്നു.
പറക്കോട്ടെ വീട്ടിലെത്തി കുഞ്ഞിനെ ഏറ്റെടുക്കാനായിരുന്നു നിർദേശം. എന്നാൽ പറക്കോട്ടെ വീടുമായി ബന്ധപ്പെട്ടപ്പോൾ കുഞ്ഞ് അവിടെയില്ലയെന്ന് വിവരം ലഭിച്ചു. തുടർന്ന് താൻ പറക്കോട്ട് ഇല്ലെന്ന് ഉത്രയുടെ പിതാവ് പോലീസിനെ അറിയിച്ചു.
കുഞ്ഞും സൂരജിന്റെ മാതാവും എറണാകുളത്തെ ഒരു വീട്ടിലാണെന്നാണ് പോലീസ് അന്വേഷിച്ചപ്പോൾ വീട്ടിൽ നിന്ന് അറിഞ്ഞത്. എന്നാൽ ഇന്നു രാവിലെ അടൂർ ഡിവൈഎസ്പി ജ വഹർ ജനാർദ് പറക്കോട്ടെ വീട്ടിലെത്തുകയും കുഞ്ഞിനെ സംബന്ധിച്ച വിവരം തേടുകയും ചെയ്തു.
തന്റെ സഹോദരന്റെ വീട്ടിലായിരുന്ന കുഞ്ഞിനെ ഇന്ന് വീട്ടിലെത്തിച്ചിട്ടുണ്ടെന്ന് സൂരജിന്റെ പിതാവ് സുരേന്ദ്രൻ അറിയിച്ചു. സൂരജിന്റെ മാതാവ് രേണുകയും കുഞ്ഞിനൊപ്പമായിരുന്നു.
തുടർന്നാണ് കുഞ്ഞിനെ ഏറ്റെടുത്തു നൽകാനുള്ള തീരുമാനത്തിൽ പോലീസെത്തിയത്. നാലംഗ പോലീസ് സംഘം രാവിലെ അടൂർ ഡിവൈഎസ്പിയുമായി ചർച്ച നടത്തിയശേഷം പറക്കോട്ടെ വീട്ടിലെത്തി നടപടിക്രമങ്ങൾ പൂർത്തീകരിച്ചു.
ഉത്രയുടെ മരണവുമായി ബന്ധപ്പെട്ട് സൂരജിനെ ഞായറാഴ്ചയാണ് ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മേയ് ഏഴിനാണ് ഉത്ര മരിച്ചത്.
ഇതിനുശേഷം ഉത്രയുടെ അഞ്ചലിലെ വീട്ടിലായിരുന്ന കുഞ്ഞിനെ ഒരാഴ്ച മുന്പ് കൊല്ലം സിഡബ്ല്യുസിയുടെ ഉത്തരവുണ്ടെന്നു പറഞ്ഞാണ് സൂരജ് ഏറ്റെടുത്ത് സ്വന്തം വീട്ടിലേക്കു കൊണ്ടുപോയത്. സൂരജിന്റെ അറസ്റ്റോടെ കുഞ്ഞിനെ വിട്ടുകിട്ടണമെന്നാവശ്യം ഉത്രയുടെ ബന്ധുക്കൾ ഉയർത്തി.
ഇക്കാര്യത്തിൽ ഇന്നലെ വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാലും ശക്തമായ നിലപാടെടുത്തു. കമ്മീഷന്റെ കൂടി നിർദേശപ്രകാരം കുഞ്ഞിനെ ഉത്രയുടെ മാതാപിതാ ക്കൾക്കു കൈമാറണമെന്ന ഉത്തരവ് ഉച്ചയോടെ കൊല്ലം ജില്ലാ സിഡബ്ല്യുസി നൽകി.
സൂരജിന്റെ സഹോദരി ഉൾപ്പടെയുള്ളവരെചോദ്യം ചെയ്യും
കൊല്ലം : ഉത്രയെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭർത്താവ് സൂരജിന്റെ സഹോദരി, മാതാവ്, പിതാവ് ഉൾപ്പടെയുള്ളവരെ കൂടുതൽ ചോദ്യം ചെയ്യും.
നാളെ സൂരജിന്റെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തുമെന്നാണ് സൂചന. ആദ്യം അണലിയെ കൊണ്ട് ഉത്രയെ കടിപ്പിച്ചത് സൂരജിന്റെ വീട്ടിൽവച്ചാണ്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് നാളെ തെളിവെടുപ്പ് നടത്താൻ തീരുമാനിച്ചിട്ടുള്ളത്.
സൂരജിന്റെ കുടുംബത്തിന് കൊലപാതകവുമായി ബന്ധമുണ്ടെന്ന് ഉത്രയുടെ പിതാവ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുടുംബത്തിലെ മുഴുവൻപേരെയും ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിച്ചത്.
പാന്പിനെ വാങ്ങുന്നത് കൊലപാതകത്തിനെന്ന് അറിഞ്ഞില്ല: സുരേഷ്
പുനലൂർ: ഉത്ര കൊലക്കേസിൽ തനിക്ക് പങ്കില്ലെന്നും സത്യം ദൈവത്തിന്റെ കോടതിയിൽ തെളിയുമെന്നും രണ്ടാം പ്രതി സുരേഷ്. തിങ്കളാഴ്ച വൈകിട്ട് പ്രതികളെ പുനലൂർ കോടതിയിൽ കൊണ്ടുവന്നപ്പോൾ മധ്യമങ്ങളെ കണ്ടതോടെയാണ് പൊട്ടിക്കരഞ്ഞു കൊണ്ട് സുരേഷിൻറ പ്രതികരണം ഉണ്ടായത്.
എലിയയേയും പെരുച്ചാഴിയേയും പിടിക്കാനെന്ന് പറഞ്ഞാണ് സൂരജ് തന്നിൽ നിന്നു പാമ്പിനെ വാങ്ങിയതെന്നും കൊലപാതകം തനിക്ക് അറിയില്ലെന്നും സുരേഷ് പറഞ്ഞു.