മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ഇന്‍ഡിഗോയുടെ തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കുമുള്ള സര്‍വീസ് വീണ്ടും തുടങ്ങി. കോവിഡിനെ തുടര്‍ന്ന് രണ്ടു മാസമായി നിര്‍ത്തിവച്ച സര്‍വീസുകളാണു പുനരാരംഭിച്ചത്.
ഇന്നലെ വൈകുന്നേരം 3.50നാണ് കൊച്ചിയില്‍നിന്നുള്ള വിമാനം കണ്ണൂരിലെത്തിയത്. വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്തേക്കും സര്‍വീസ് നടത്തി. രാത്രി 8.25 ന് തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്കും 8.55 ന് കണ്ണൂരില്‍നിന്ന് കൊച്ചിയിലേക്കുമാണു മറ്റു സര്‍വീസുകള്‍.
നാളെമുതൽ കണ്ണൂര്‍-ബംഗളൂരു ഇന്‍ഡിഗോ സര്‍വീസുകള്‍ നടത്തും. കണ്ണൂരില്‍നിന്ന് ആഭ്യന്തര സര്‍വീസ് നടത്തുന്ന ഗോ എയര്‍ സര്‍വീസ് പുനരാരംഭിച്ചിട്ടില്ല. യാത്രക്കാര്‍ക്ക് കേന്ദ്രസര്‍ക്കാരും വ്യോമയാന മന്ത്രാലയവും നിര്‍ദേശിച്ച എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കിയാണു സര്‍വീസ് നടത്തുന്നത്.
78 പേരെ ഉള്‍ക്കൊള്ളുന്ന ഇന്‍ഡിഗോ വിമാനത്തില്‍ പകുതിയോളം യാത്രക്കാര്‍ മാത്രമാണ് ആദ്യദിനം ഉണ്ടായിരുന്നത്. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ വിമാനങ്ങളാണ് ബംഗളൂരു, ഡല്‍ഹി, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്നത്.
ആദ്യഘട്ടത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ജൂണ്‍ 30 വരെ ആഴ്ചയില്‍ 20 വിമാനങ്ങളാണു പുറപ്പെടുക. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശപ്രകാരം 30 ശതമാനം ആഭ്യന്തര സര്‍വീസുകളാണു നടത്തുന്നത്. കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും ദിവസവും കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് സര്‍വീസ് നടത്തുന്നുണ്ട്.
കൊച്ചിയില്‍നിന്നു വൈകുന്നേരം നാലിന് കണ്ണൂരിലേക്കു പുറപ്പെടുന്ന വിമാനം കണ്ണൂരിലെത്തി തിരിച്ചു രാത്രി 8.55 കൊച്ചിയിലേക്ക് പുറപ്പെടും. കണ്ണൂരിൽനിന്ന് വൈകുന്നേരം അഞ്ചിനു പുറപ്പെട്ട് തിരുവനന്തപുരത്തെത്തി രാത്രി 8.25 ന് കണ്ണൂരിലേക്കു പുറപ്പെടും.
ബംഗളൂരുവിലേക്ക് ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ വൈകുന്നേരം 5.15 നും ഡല്‍ഹിയിലേക്ക് ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിൽ രാത്രി ഏഴിനും പുറപ്പെടും.
ബംഗളൂരുവില്‍നിന്ന് കണ്ണൂരിലേക്ക് ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ വൈകുന്നേരം 4.15നും ഡല്‍ഹിയില്‍നിന്ന് ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ വൈകുന്നേരം അഞ്ചിനുമാണ് പുറപ്പെടുക. പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് എയര്‍ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും ഇന്നുമുതല്‍ ജൂണ്‍ ഒന്നുവരെ 18 സര്‍വീസുകള്‍ നടത്തുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
വിമാനത്താവളത്തില്‍ സാമൂഹിക അകലം പാലിക്കുന്നതിനും അണുനശീകരണത്തിനും വ്യക്തിസുരക്ഷയ്ക്കും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെയും ആരോഗ്യവകുപ്പിന്റെയും എല്ലാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്.
ഓട്ടോമാറ്റിക് തെര്‍മല്‍ ചെക്കിംഗ് കാമറകള്‍, സാമൂഹിക അകലം പാലിക്കുന്നതിന് തറയില്‍ ആവശ്യമായ സ്ഥലങ്ങളിലുള്ള മാര്‍ക്കിംഗ് തുടങ്ങിയവ സുരക്ഷിതമായ യാത്രയ്ക്കുവേണ്ടി ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു.