തിരുവനന്തപുരം: കോവിഡ് രോഗബാധിതരുടെ എണ്ണം വൻതോതിൽ വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ സർക്കാർ. സമൂഹവ്യാപനത്തിലേക്കു കടന്നില്ലെങ്കിലും കേരളം അതിന്റെ വക്കിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
തീവ്രബാധിത പ്രദേശങ്ങളിൽനിന്നുൾപ്പെടെയുള്ളവർ കൂട്ടത്തോടെ കേരളത്തിലേക്ക് എത്തുകയാണ്.രോഗികളുടെ എണ്ണം കൂടുന്നതു സ്വാഭാവികമാണ്. പ്രവാസികളെ ഉൾപ്പെടെ ക്രമീകരണങ്ങളോടെ മാത്രമേ സ്വീകരിക്കാനാകൂ.
സർക്കാർ പോർട്ടലിൽ രജിസ്റ്റർ ചെയ്ത ശേഷം മാത്രമേ വരാൻ പാടുള്ളൂ. അല്ലാതെ വരുന്നവരിൽനിന്നു കനത്ത പിഴ ഈടാക്കും. കൂടാതെ 28 ദിവസം ക്വാറന്റൈനിൽ വിടുകയും ചെയ്യും. നിയന്ത്രണങ്ങൾ ഇല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും.
ട്രെയിനിലും മറ്റും എത്തുന്നവരെ ഹോം ക്വാറന്റൈനിലേക്കു വിടേണ്ടതാണ്. അതിന് അവരെക്കുറിച്ചു മുൻകൂട്ടി വിവരം ലഭിക്കണം. യാത്രക്കാരെക്കുറിച്ച് അറിയിപ്പില്ലാതെ റെയിൽവേ കേരളത്തിലേക്കു ട്രെയിൻ സർവീസ് പ്രഖ്യാപിച്ച നടപടിയെ മുഖ്യമന്ത്രി വിമർശിച്ചു.
വിവാഹം, മരണം
വിവാഹത്തിനും മൃതസംസ്കാരത്തിനും നിബന്ധന കർശനമായി പാലിക്കണം. മൃതസംസ്കാരത്തിന് 20 പേരെയും വിവാഹ ചടങ്ങുകൾക്ക് 50 പേരെയും അനുവദിച്ചിട്ടുണ്ട്.
എന്നാൽ, വിവാഹത്തിനു മുന്പും ശേഷവുമായി അന്പതു പേരെ വീതം പല തവണകളായി പങ്കെടുപ്പിക്കുന്നത് ഉദ്ദേശിച്ചിട്ടില്ല.
പെർമിറ്റ് റദ്ദാക്കും
വാഹനങ്ങളിൽ കൂടുതൽ ആളെ കയറ്റിയാൽ പെർമിറ്റ് റദ്ദാക്കും, ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും.