തിരുവനന്തപുരം: മധ്യ പടിഞ്ഞാറൻ അറബിക്കടലിലും അതിനോടു ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ അറബിക്കടൽ പ്രദേശത്തുമായി മേയ് 29നും തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള മധ്യ കിഴക്കൻ അറബിക്കടൽ പ്രദേശത്തുമായി മേയ് 31നും ഓരോ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അറബിക്കടലിൽ ന്യൂനമർദങ്ങൾ രൂപപ്പെടാനുള്ള സാധ്യത പ്രവചിക്കപ്പെട്ട പശ്ചാത്തലത്തിൽ മേയ് 28 മുതൽ കേരള തീരത്തും അതിനോട് ചേർന്നുള്ള അറബിക്കടലിലും മത്സ്യ ബന്ധനം പൂർണ്ണമായി നിരോധിച്ചിരിക്കുന്നു.
മേയ് 28നുശേഷം കേരള തീരത്ത് നിന്ന് യാതൊരു കാരണവശാലും മത്സ്യതൊഴിലാളികൾ കടലിൽ പോകാൻ പാടില്ല. നിലവിൽ ആഴക്കടൽ, ദീർഘദൂര മത്സ്യബന്ധനത്തിൽ ഏർപ്പെട്ടു കൊണ്ടിരിക്കുന്നവർ മേയ് 28 രാത്രിയോടെ കേരള തീരത്ത് മടങ്ങിയെത്തുകയോ അല്ലെങ്കിൽ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്തെത്തുകയോ ചെയ്യേണ്ടതാണ്.
ന്യൂനമർദ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലാഭരണകൂടങ്ങളോടും ബന്ധപ്പെട്ട വകുപ്പുകളോടും ആവശ്യമായ തയാറെടുപ്പുകൾ നടത്താനും ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി.