നെടുമങ്ങാട്: കണ്ടെയ്ൻമെന്റ് സോണിൽ നിന്നും വന്ന ബന്ധുക്കളുമായി അടുത്തിടപഴകിയ ചെയർമാനും അധികൃതരും ക്വാറന്റൈനിൽ പോകണമെന്നാവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് നടത്തുന്ന റിലേ സമരത്തിനിടെ നഗരസഭാ പ്രതിപക്ഷ കൗൺസിലറും മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറുമായ എൻ. ഫാത്തിമയുടെ കാലിലേക്ക് സിപിഎം കൗൺസിലർ ഇരുചക്രവാഹനമോടിച്ചു കയറ്റിയതായി പരാതി.
നെടുമങ്ങാട് പോലീസിന്റെ സാന്നിധ്യത്തിലാണ് കൗൺസിലറിനെ ആക്രമിച്ചതും അസഭ്യം പറഞ്ഞതെന്ന് ഫാത്തിമ പറഞ്ഞു. കാലിന് പരിക്കേറ്റ ഫാത്തിമ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. നഗരസഭയിൽ നടക്കുന്ന ഗുരുതരമായക്രമക്കേടുകൾക്കെതിരെ സമരം ചെയ്യുന്നവരെ കായികമായി നേരിടാനാണ് ഭാവമെങ്കിൽ സമരം ശക്തമായി തുടരുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.
വനിതാ കൗൺസിലറെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കൗൺസിലർക്കെതിരെ കേസെടുക്കണമെന്ന് നെടുമങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്. അരുൺകുമാർ, മണ്ഡലം പ്രസിഡന്റ് കെ.ജെ. ബിനു, നഗരസഭാ പാർലമെന്ററിനേതാവ് ടി.അർജുനൻ എന്നിവർ ആവശ്യപ്പെട്ടു .