കഴക്കൂട്ടം : വിൽപ്പനക്കായി ചത്ത മാടിന്റെ ഇറച്ചി കഷ്ണങ്ങളാക്കി സൂക്ഷിച്ചത് നാട്ടുകാർ പിടികൂടി. സംഭവത്തിൽ ഒരാളെ കഠിനംകുളം പോലീസ്അറസ്റ്റ് ചെയ്തു.
മാടൻവിള സ്റ്റോഡിയത്തിന് സമീപം ഇറച്ചി വിൽപ്പന നടത്തുന്ന ഷാഫി (44) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി പത്തിന് ആറ്റിങ്ങൽ ഭാഗത്ത് നിന്നുമാണ് ചത്ത പശുവിന്റെ ഇറച്ചി വിൽപനക്കായി പെരുമാതുറയിലെത്തിച്ചത്.
വിവരം അറിഞ്ഞ പ്രദേശവാസികൾ പോലീസിനെയും ആരോഗ്യ വകുപ്പിനെയും അറിയിച്ചതോടെ ഷാഫി മാടൻവിള കൊട്ടാരംതുരുത്ത് പാലത്തിന് സമീപം മാംസം കായലിൽ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു.
തുടർന്ന് കഠിനംകുളം പോലീസ് സ്ഥലത്ത് എത്തി ഷാജിയുടെ മകനെ കൊണ്ട് കായലിൽ നിന്നും ഇറച്ചി കഷ്ണങ്ങൾ എടുത്ത് പോലീസിന്റെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ കുഴിച്ചുമൂടി. ഇന്നലെ രാവിലെ 11ന് ചിറയിൻകീഴ് ഭാഗത്ത് ഒരു മാംസവിൽപ്പന കേന്ദ്രത്തിൽ ഒളിച്ചിരുന്ന പ്രതിയെ കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
സർക്കിൾ ഇൻസ്പെക്ടർ വിനീഷ് കുമാർ, എസ്ഐമാരായ രതീഷ്കുമാർ, ഇ. പി. സവാദ് ഖാൻ, പി. ഷാജി, എഎസ്ഐമാരായ നിസാം, ചന്ദ്രൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.