എംജെ ശ്രീജിത്ത്
തിരുവനന്തപുരം: രണ്ടുമാസത്തെ ഇടവേളയ്ക്കും വിവാദങ്ങൾക്കും ശേഷം സംസ്ഥാനത്ത് ബീവ്റേജസ് ഔട്ട്ലെറ്റുകൾ വഴിയും ബാറുകൾ വഴിയും മദ്യ വിതരണം ആരംഭിച്ചു. ചിലയിടത്ത് വിതരണം ആരംഭിച്ചെങ്കിലും മറ്റു ചിലയിടത്ത് ഇതുവരെ വിതരണം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ആപ്പിന്റെ കാര്യത്തിലും വിതരണ കാര്യത്തിലും വലിയ ആശയക്കുഴപ്പം തുടരുകയാണ്.
ഇന്നലെ രാത്രി 11 മണിയോടെ ബെവ്ക്യൂ ആപ് പ്ലേ സ്റ്റോറിലെത്തിയെങ്കിലും ഭൂരിഭാഗം പേര്ക്കും ബുക്ക് ചെയ്യാനായില്ല. ഒടിപി (വൺ ടൈം പാസ്വേഡ്) ലഭിക്കാത്തതായിരുന്നു കാരണം. പ്ലേ സ്റ്റോറിൽ സേർച്ച് ചെയ്താൽ ആപ്പ് ലഭിക്കാത്ത പ്രശ്നവുമുണ്ടായി.
രാത്രി 11.30ന് ശേഷം, ബുക്കിങ് ഇനി രാവിലെ 6 മണിക്കു മാത്രമേ നടക്കൂ എന്ന സന്ദേശം ചിലർക്ക് ലഭിച്ചു. പലർക്കും ഈ സന്ദേശംപോലും ലഭിച്ചില്ല. ഇന്നു രാവിലെ പ്ലേസ്റ്റോറിൽ ആപ് ലഭിക്കുന്നില്ലെന്ന പരാതിയും ഉണ്ടായി.
എസ്എംഎസ് വഴി ബുക്ക് ചെയ്യുന്നതിലും പ്രശ്നങ്ങളുണ്ട്. സാങ്കേതിക പ്രശ്നങ്ങൾ മദ്യവിതരണത്തിന് തടസമാകുമോയെന്ന ആശങ്ക ബെവ്കോ അധികൃതർ പങ്കുവയ്ക്കുന്നു. ഇന്ന് ഒന്പതു മണി മുതൽ മദ്യവിതരണം ആരംഭിക്കുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരുന്നതെങ്കിലും ഒന്പതരയോടെയാണ് പലയിടത്തും വിതരണം ആരംഭിച്ചത്.
അഞ്ചു മണിവരെയായിരിക്കും മദ്യവിതരണം. വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്ത് ഇ ടോക്കൺ ലഭിച്ചവർക്കു മാത്രമേ മദ്യം ലഭിക്കുകയുള്ളു. നിശ്ചിത സമയം കഴിഞ്ഞിട്ടും ആപ്പ് ലഭിക്കാത്തതിനെത്തുടർന്ന് സമൂഹ മാധ്യമങ്ങളിൽ രൂക്ഷമായ വിമർശനം ഉയർന്നു. മികച്ച സേവനം നൽകാൻ ആപ്പ് നിർമാതാക്കൾ പരാജയപ്പെട്ടെന്നായിരുന്നു പ്രധാന വിമർശനം.
കോവിഡ് വാക്സിനു വേണ്ടിപോലും ഇത്രയും കാത്തിരുന്നിട്ടില്ലെന്നാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ഒരു കമന്റ്. മറ്റൊരു കമൻറ് ഇങ്ങനെ- ബവ് ക്യൂ ആപ്പിനായി തിരയുമ്പോൾ കൃഷി ആപ്പാണ് വരുന്നതെന്നും ഗതികെട്ട് അത് ഡൗൺ ലോഡ് ചെയ്ത് 4 വാഴവച്ചെന്നുമാണ് മറ്റൊരു കമൻറ്. വാഴ കുലയ്ക്കുമ്പോഴെങ്കിലും ആപ്പ് വരുമോയെന്നും ആപ്പ് നിർമാതാക്കളായ ഫെയർകോഡ് കമ്പനിയുടെ ഫേസ്ബുക്ക് പേജിൽ ഉപഭോക്താക്കൾ കുറിച്ചു.
തിരക്ക് കൈകാര്യം ചെയ്യാൻ ആപ്പ് നിർമാതാക്കൾക്ക് കഴിയാത്തതാണ് ഉപഭോക്താക്കളെ നിരാശരാക്കിയത്. എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻറെ 3.30നുള്ള പത്രസമ്മേളനത്തിനുശേഷം പ്ലേ സ്റ്റോറിൽ ആപ്പ് വരുമെന്നായിരുന്നു കമ്പനി അധികൃതർ പറഞ്ഞത്. എന്നാൽ, രാത്രി 10 മണി കഴിഞ്ഞിട്ടും വന്നില്ല.
പിന്നീട് ആപ്പ് പ്ലേ സ്റ്റോറിൽ വന്നതായി കമ്പനി ഔദ്യോഗികമായി അറിയിച്ചെങ്കിലും പലർക്കും പരിശോധനയിൽ ലഭിച്ചില്ല. പരിശോധനയിൽ ആപ്പ് ലഭിച്ചവരിൽ മിക്കവർക്കും ഒടിപി ലഭിച്ചതുമില്ല. ദീർഘനേരം ശ്രമിച്ച ചിലർക്ക് ഒടിപി ലഭിച്ചു. അപ്പോഴേക്കും സമയം കഴിഞ്ഞതായുള്ള അറിയിപ്പ് ലഭിച്ചു. ഇന്ന് രാവിലെ 6 മുതൽ ബുക്കിങ് ചെയ്യാൻ കഴിയുന്നുണ്ട്.
1,82,000 പേർ ഇന്നലെ 10 മണി മുതൽ 12വരെ റജിസ്റ്റർ ചെയ്തതായി കമ്പനി അധികൃതർ പറഞ്ഞു. രണ്ടു ലക്ഷത്തോളം പേർ രാവിലെ ആറു മണിവരെ ആപ്പ് ഡൗൺലോഡ് ചെയ്തു. ബെവ്കോ ആവശ്യപ്പെട്ടാൽ ഇന്നത്തെ ബുക്കിങ് സമയം രാവിലെ ആറു മണിയിൽനിന്ന് ഒന്പതു മണിവരെ നീട്ടിയേക്കും.
ആപ്പ് പ്ലേ സ്റ്റോറിൽ ലൈവാണെന്നും ഗൂഗിൾ ഇൻഡക്ടസ് ചെയ്യുന്നതിലെ താമസം കാരണമാണ് സേർച്ചിൽ കിട്ടാത്തതെന്നും കമ്പനി പറയുന്നു. ഈ പ്രശ്നം ഉടൻ പരിഹരിക്കാനാകുമെന്നും അവർ പറയുന്നു.
ഷോപ്പുകള്ക്കുള്ള ആപ്പ് പ്രത്യേകം തയാറാക്കിയിട്ടുണ്ട്. അതിൻറെ ലിങ്ക് ഷോപ്പിന്റെ ചുമതലയുള്ളവർക്ക് അയയ്ക്കും.
ഈ ആപ്പ് ഉപയോഗിച്ചാണ് ഇ ടോക്കൺ പരിശോധിക്കേണ്ടത്. ബവ്കോ ഷോപ്പുകളിൽ മദ്യം വാങ്ങാനെത്തുന്നവർ തെർമൽ സ്കാനിങിന് വിധേയരാക്കണം. ബവ്കോ ജീവനക്കാരെ ദിവസം രണ്ടു തവണ തെർമൽ സ്കാനിങ് നടത്തും. വിടിനടുത്തുള്ള ബീവ്റേജസ് ഔട്ടലെറ്റിന്റെ പിൻകോഡ് കൊടുത്ത പലർക്കും അകലെയുള്ള ഔട്ട്ലെറ്റുകളും ബാറുകളുമാണ് ലഭിക്കുന്നതെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
പലയിടത്തും ടോക്കണിലെ ക്യൂ ആർ കോഡ് സ്കാൻ ചെയ്യാതെ ടോക്കൺ നന്പർ രജിസ്റ്ററിൽ രേഖപ്പെടുത്തിയാണ് മദ്യവിതരണം ആരംഭിച്ചിരിക്കുന്നത്. നാളത്തെ ബുക്കിംഗ് ഇന്നു ഉച്ചയ്ക്കു ശേഷം മാത്രമെ ആരംഭിക്കുകയുള്ളു. ആപ്പുമായി ബന്ധപ്പെട്ടു ഉയർന്നിരിക്കുന്ന പരാതികൾ പൂർണമായും പരിഹരിച്ചാൽ മാത്രമെ സുഗമമായ മദ്യവിതരണം നടത്താൻ സാധിക്കുകയുള്ളുവെന്നാണ് ബെവ്കോ അധികൃതർ തന്നെ പറയുന്നത്.